നവദമ്പതികള്‍ക്ക് ‘വെഡ്ഡിംഗ് കിറ്റ്’ നല്കാന് ഒഡീഷ സര്‍ക്കാര്‍; കിറ്റില്‍ കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും

ഭുവനേശ്വര്‍: ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി നവദമ്ബതികള്‍ക്ക് ‘വെഡ്ഡിംഗ് കിറ്റ്’ നല്കുന്ന പദ്ധതിയുമായി ഒഡീഷ സര്‍ക്കാര്‍.
ശരിയായ കുടുംബാസൂത്രണം നടത്താന്‍ ദമ്ബതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ നയ് പഹല്‍ പദ്ധതിയുടെ ഭാഗമായാണ് വിവാഹ കിറ്റ് നല്‍കുക. യുവദമ്ബതികളില് താല്ക്കാലികവും സ്ഥിരവുമായ കുടുംബാസൂത്രണ രീതികള്‍ അവലംബിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് സുപ്രധാന ലക്ഷ്യം.
വിവാഹ കിറ്റില്‍ കുടുംബാസൂത്രണത്തിന്റെ രീതികളും നേട്ടങ്ങളും വിശദീകരിക്കുന്ന ബുക്ക് ലെറ്റ്, വിവാഹ രജിസ്ട്രേഷന് ഫോം, ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ (OCP),എമര്‍ജന്‍സി ഗര്‍ഭനിരോധന ഗുളികകള്‍ (ECP) എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇതുകൂടാതെ, ഒരു വധുവിന് ആവശ്യമായ വസ്ത്രങ്ങള്‍, ടവ്വലുകള്‍, തൂവാലകള്‍, ചീപ്പ്, ബിന്ദി, നെയില്‍ കട്ടര്‍, കണ്ണാടി, ഹോം പ്രെഗ്നന്‍സി ടെസ്റ്റിംഗ് കിറ്റ് എന്നിങ്ങനെ പ്രത്യേക സമ്മാനങ്ങള്‍ ഉള്‍പ്പെടുന്ന പായ്ക്കറ്റും സര്‍ക്കാര്‍ നല്‍കും.
ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ നവദമ്ബതികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള ചുമതല അംഗീകൃത സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകളെ (ആശ) ഏല്‍പ്പിച്ചതായി ഫാമിലി പ്ലാനിംഗ് ഡയറക്ടര്‍ ഡോ. ബിജയ് പാനിഗ്രാഹി അറിയിച്ചു. എല്ലാ നവദമ്ബതികള്‍ക്കും ശരിയായ രീതിയില്‍ കിറ്റുകള്‍ സമ്മാനിക്കുന്നതിനും കുടുംബാസൂത്രണ രീതികള്‍ സ്വീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.
സെപ്തംബര്‍ മുതല്‍ വിവാഹം നടക്കുന്ന വീടുകള്‍ സന്ദര്‍ശിച്ച് കിറ്റ് സമ്മാനിക്കും. നവദമ്ബതികള്‍ക്ക് ഇവയെല്ലാം സംബന്ധിച്ചുള്ള വിശദീകരണം നല്‍കുന്നതിന് പുറമെ കിറ്റിന്റെ പ്രയോജനം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുമെന്ന് ഡോ. ബിജയ് പാനിഗ്രാഹി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഫെര്‍ട്ടിലിറ്റി നിരക്ക് കുറവാണെങ്കിലും ഈ സംരംഭം ആരംഭിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഒഡീഷയെന്ന് എന്‍എച്ച്എം സംസ്ഥാന ഡയറക്ടര്‍ ശാലിനി പണ്ഡിത് പറഞ്ഞു. ആശ, എഎന്‍എം, പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ കോണ്ടാക്റ്റ് വിവരങ്ങള്‍ കൂടാതെ, വിവാഹ കിറ്റില്‍ മുഖ്യമന്ത്രിയുടെ വിവാഹ ആശംസാ സന്ദേശവും ഉണ്ടായേക്കും.

