യുഎഇയില്‍ സമഗ്രമായ വിസ നവീകരണം അടുത്തമാസം മുതല്‍

ദുബായ്> മികച്ച നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുന്നതിന് വിസ നിയമത്തില്‍ യുഎഇ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സമഗ്രമായ മാറ്റം അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരും.
ഗോള്‍ഡന്‍ വിസയുടെ വിപുലീകരണം, അഞ്ചുവര്‍ഷത്തെ ഗ്രീന്‍ റസിഡന്‍സി, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷക എന്‍ട്രി പെര്‍മിറ്റുകള്‍ എന്നിവയിലുള്ള സമഗ്രമായ മാറ്റമാണ് യുഎഇ നടപ്പിലാക്കാന്‍ പോകുന്നത്. യുഎഇയിലെ താമസക്കാര്‍ക്കും, ജോലി എടുക്കുന്നവര്‍ക്കും, സന്ദര്‍ശകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും വിസ നിയമത്തിലുള്ള ഈ പരിഷ്കരണം.
ഏപ്രില്‍ മാസത്തില്‍ യുഎഇ ക്യാബിനറ്റ് എടുത്ത തീരുമാനമാണ് സെപ്റ്റംബറില്‍ പ്രാബല്യത്തിലാകുന്നത്. അഞ്ചുവര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് സ്പോണ്‍സറുടെ ആവശ്യമില്ല. 4000 ഡോളര്‍ അല്ലെങ്കില്‍ തത്തുല്യ വിദേശ കറന്‍സിയില്‍ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന. നിക്ഷേപകര്‍ക്കും സംരംഭങ്ങള്‍ക്കും നല്‍കുന്ന ബിസിനസ് വിസക്കും സ്പോണ്‍സറുടെ ആവശ്യമില്ല. ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മറ്റൊരു തൊഴില്‍ കൂടി എടുക്കുന്നതിന് താല്‍ക്കാലിക തൊഴില്‍ വിസ സമ്ബ്രദായവും പ്രാബല്യത്തില്‍ വരുകയാണ്. ഇതിനായി നിലവില്‍ ജോലിചെയ്യുന്ന തൊഴിലുടമയില്‍ നിന്ന് ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
പഠന പരിശീലനം, വിവിധ കോഴ്സുകള്‍, ഇന്റന്‍ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവയില്‍ ചേരുന്നവര്‍ക്ക് വിദ്യാഭ്യാസ വിസയും നടപ്പിലാക്കുന്നു. പൊതു സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഈ വിസ സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്.
യുഎഇയിലെ തൊഴിലവസരങ്ങള്‍ അടുത്തറിയുന്നതിന് തൊഴില്‍ വിസ സമ്ബ്രദായവും നടപ്പിലാക്കുന്നു.ഇതിന് ഒരു സ്പോണ്‍സറുടെ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും മികച്ച 500 സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബാച്ചിലേഴ്സ് ഡിഗ്രി ഹോള്‍ഡര്‍മാര്‍ക്കും അതിന് തത്തുല്യമായ ബിരുദം ഉള്ളവര്‍ക്കുമാണ് ഈ വിസ അനുവദിക്കുന്നത്. വിദഗ്ധരായ തൊഴിലാളികള്‍, ഫ്രീലാന്‍സ്മാര്‍ എന്നിവരുടെ തൊഴില്‍ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനായി ഗ്രീന്‍ വിസ സമ്ബ്രദായവും നടപ്പിലാക്കുന്നു. കുറഞ്ഞത് 20 ലക്ഷം ദിര്‍ഹം നിക്ഷേപം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്നവര്‍ക്കായി റിയല്‍ എസ്റ്റേറ്റ് വിസകളും പ്രാബല്യത്തില്‍ വരുന്നു. ലൈഫ് സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ് എന്നിവയില്‍ ഗവേഷണ ബിരുദം ഉള്ളവര്‍ക്കും എമിറേറ്റ്സ് സയന്‍സ് കൗണ്‍സിലില്‍ നിന്നുള്ള ശുപാര്‍ശ ഉള്ളവര്‍ക്കും ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഉള്ള വിസക്ക് അപേക്ഷ നല്‍കാം. കല, സംസ്കാരം, ഡിജിറ്റല്‍ ടെക്നോളജി, സ്പോര്‍ട്സ്, ഇന്നവേഷന്‍, ആരോഗ്യം, നിയമം എന്നീ മേഖലയില്‍ അസാധാരണ കഴിവുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുന്നു. പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുണ്ട്.

