തീപിടിത്തത്തില്‍ തകര്‍ന്ന ക്രിസ്ത്യന്‍ പള്ളിക്ക് 1.24 കോടി സംഭാവന ചെയ്ത് മുഹമ്മദ് സലാഹ്

കെയ്റോ: കഴിഞ്ഞയാഴ്ച ഈജിപ്തില്‍ തീപിടിത്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ക്രിസ്ത്യന്‍ പള്ളിക്ക് വന്‍തുക സംഭാവന ചെയ്ത് ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്. 30 ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട്(ഏകദേശം 1.24 കോടി രൂപ) ആണ് ഈജിപ്ത് ദേശീയ ഫുട്ബോള്‍ ടീമിന്റെ നായകന് കൂടിയായ സലാഹ് പള്ളിയുടെ പുനരുദ്ധാരണത്തിനായി സംഭാവന ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഗിസായിലുള്ള കോപ്റ്റിക് പള്ളിയില്‍ വന്‍തീപിടിത്തമുണ്ടായത്. അബൂസിഫീന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ നടന്ന ദുരന്തത്തില്‍ 41 പേര് മരിച്ചിരുന്നു. 50ലേറെ പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. പള്ളിക്കതത്തെ എയര്‍ കണ്ടീഷനല് യൂനിറ്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് അധികൃതര്‍ പറഞ്ഞത്.
ഇതിനുമുന്‍പും ജീവകാരുണ്യ, സാമൂഹികപ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട് സലാഹ്. ബ്രിട്ടീഷ് മാധ്യമമായ ‘സണ്‍ഡേ ടൈംസ്’ പുറത്തുവിട്ട ബ്രിട്ടനില്‍ ജീവിക്കുന്ന ഏറ്റവും ഉദാരമതികളായ വ്യക്തികളുടെ പട്ടികയില്‍ എട്ടാമനാണ് സലാഹ്. 2.5 മില്യന്‍ പൗണ്ട്(ഏകദേശം 23 കോടി രൂപ) ആണ് ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സലാഹ് ചെലവിട്ടത്. 2019ല്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന കെയ്റോയിലെ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുനര്‍നിര്‍മാണത്തിനായി സലാഹ് മൂന്ന് മില്യന്‍ ഡോളര്‍(ഏകദേശം 23 കോടി രൂപ) സംഭാവന ചെയ്തതും വാര്‍ത്തയായിരുന്നു.
Summary: Liverpool star Mohamed Salah donates Rs 1.24cr to rebuild Egyptian church after fire kills 41 people in Egypt

