KSDLIVENEWS

Real news for everyone

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയും; കെ.സുധാകരന്‍

SHARE THIS ON

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. അക്രമ രാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരും. കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സിപിഎം നേതാക്കളുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.


‘എകെജി സെന്ററിലെ പടക്കമേറ് ഉള്‍പ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജന്‍. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇപി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും. അതേസമയം കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസ്. കോടതി ഉത്തരവിട്ടിട്ടും എല്‍ഡിഎഫ് കണ്‍വീനറെ ഒന്നും ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല.സിപിഎം കേന്ദ്രങ്ങളുടെ ഉത്തരവുകള്‍ മാത്രം നടപ്പാക്കുന്ന മാനവും നാണവുമില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ പോലീസ് സേനയെ സിപിഎമ്മിന്റെ പോഷക സംഘടനായാക്കി മാറ്റി. സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സിപിഎം അധഃപതിച്ചു. പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ അതിന് തെളിവെന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം’ അദ്ദേഹം ആരോപിച്ചു.


മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് തല്ലിത്തകര്‍ത്ത കേസില്‍ എംപി ഓഫീസിലെ സ്റ്റാഫ് ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് കേരള സര്‍ക്കാരും പോലീസും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ്.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പോലീസ് അന്വേഷണം ആരംഭിക്കുന്നത് മുന്‍പ് തന്നെ പ്രതികള്‍ കോണ്‍ഗ്രസ് കാരാണെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഈ കേസില്‍ കോണ്‍ഗ്രസുകാരെ പ്രതികളാക്കാനുള്ള ഗൂഢാലോചന അവിടെ നിന്നാണ് തുടങ്ങിയതെന്നും കടുത്ത നീതിനിഷേധ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനമെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസും നിര്‍ബന്ധിതമാകും. ഓഫീസ് തല്ലിത്തകര്‍ത്ത എസ്എഫ് ഐക്കാരെയും അതിന് എല്ലാ ഒത്താശയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ഡിവൈഎസ് പിയെ സസ്പെന്‍ഡ് ചെയ്തത് ഒഴിച്ചാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ മറ്റുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല.

സംഭവുമായി ബന്ധപ്പെട്ട് എംപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം മുഖവിലയ്ക്കെടുക്കാതെയാണ് കോണ്‍ഗ്രസുകാരെ പ്രതികളാക്കി അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയുടെ ഭാഗമാണ് പോലീസ് നടപടി. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ എങ്ങനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അതിനാലാണ് സംഭവ സ്ഥലത്ത് പോലുമില്ലാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വരെ പ്രതികളാക്കാനാണ് പോലീസ് ശ്രമിച്ചത്. കേസ് വഴിതിരിച്ചുവിട്ട് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പോലീസ് പ്രകടിപ്പിച്ചത്. കോണ്‍ഗ്രസുകാരെ കള്ളക്കേസില്‍ കുടുക്കി എസ്എഫ് ഐ പ്രവര്‍ത്തകരെ രക്ഷിക്കാമെന്നത് മൗഢ്യമാണ്. പോലീസിന്റെ പക്ഷപാതപരമായ നടപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!