പുലര്‍ച്ചെ അപകടവാര്‍ത്തയുടെ നടുക്കം; പൊലിഞ്ഞത് മൂന്ന് ജീവന്, ആശ്രയമറ്റ് കുടുംബങ്ങള്‍

കൊട്ടിയം: കൊല്ലം-പരവൂര്‍ തീരദേശ റോഡില്‍ ബൈക്ക് യാത്രികരായ മൂന്നുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മത്സ്യബന്ധനംകഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പരവൂര്‍ കോങ്ങാല്‍ തുണ്ടില്‍ വീട്ടില്‍ മാഹിന്‍ (46), എന്‍.എസ്.മന്‍സിലില്‍നിന്ന് പൊഴിക്കര വാറുവിളയില്‍ വാടകയ്ക്കു താമസിക്കുന്ന സുധീര്‍ (47), കോങ്ങാല്‍ പുളിക്കല്‍ എസ്.എന്‍.മന്‍സിലില്‍ അല്‍ അമീന് (37) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തീരദേശ റോഡില്‍ താന്നിക്കും മുക്കം ബീച്ചിനും മധ്യേ വിജനമായ സ്ഥലത്താണ് മൃതദേഹങ്ങള്‍ കണ്ടത്. റോഡരികില്‍ നിരത്തിയിരുന്ന ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയ ബൈക്കിനടിയില്‍ കിടക്കുന്നനിലയിലായിരുന്നു രണ്ടു മൃതദേഹങ്ങള്‍. തൊട്ടടുത്തുതന്നെ ടെട്രാപോഡിനോടു ചേര്‍ന്നാണ് മറ്റൊരു മൃതദേഹം കണ്ടത്. ഒരു ഹെല്‍മെറ്റ് പൊട്ടിയനിലയിലും ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോയ മത്സ്യം ചിതറിക്കിടക്കുന്നനിലയിലുമാണ് കണ്ടത്. ബൈക്കിന്റെ പിന്‍ഭാഗത്താണ് സാരമായ കേടുപാടുകളുള്ളത്. പിന്‍ഭാഗത്ത് വാഹനം ഇടിച്ചതായാണ് പ്രാഥമിക നിഗമനം.
പ്രദേശവാസികളും വഴിയാത്രക്കാരുമാണ് വിവരം പോലീസില്‍ അറിയിച്ചത്. ഇരവിപുരം എസ്.എച്ച്.ഒ. അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സയന്റിഫിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
JUST IN
35 min ago
സംസ്ഥാനത്ത് കൊതുകുജന്യ രോഗങ്ങൾ പെരുകുന്നു; ഈ വർഷം മരണപ്പെട്ടത് 18 പേർ
Marketing Feature
സ്പോർട്ടിയാണ്, സുപ്പറാണ് പുതിയ റെനോ കൈഗർ
56 min ago
വിദ്യാർഥികളെ ബസിൽ കയറി തല്ലിച്ചതച്ചു; അഞ്ചുപേർക്കെതിരേ കേസ്
See More
പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ജീബയാണ് മരിച്ച മാഹിന്റെ ഭാര്യ. മക്കള്‍: കബീര്‍, ഇഹ്ഷാന്‍. സുധീറിന്റെ ഭാര്യ ഷംസീന. മക്കള്‍: സുബ്ഹാന, യാസീന്‍ സുധീര്‍. മരിച്ച അമീന്റെ ഭാര്യ നസീല. മക്കള്‍: മിസ്രീയ, ഫാത്തിമുത്ത് സുഹ്റ.
ആശ്രയമറ്റ് മൂന്ന് കുടുംബങ്ങള്‍
പരവൂര്‍: ഗൃഹനാഥന്മാരുടെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ നടുക്കത്തിലാണ് പരവൂരിലെ മൂന്നു മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. തലേദിവസം വൈകുന്നേരം യാത്രപറഞ്ഞുപോയ ഉറ്റവരുടെ അപകടവാര്‍ത്തയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ കേട്ടത്. മാഹിന്‍, സുധീര്‍, അല്അമീന് എന്നിവര്‍ താന്നി ബീച്ചിനു സമീപം പുലര്‍ച്ചെയുണ്ടായ ബൈക്കപകടത്തിലാണ് മരിച്ചത്. പതിവായി വൈകുന്നേരമാണ് പരവൂരിലെ വീട്ടില്‍നിന്നു പോകുന്നത്. രാത്രിജോലി കഴിഞ്ഞ് രാവിലെ മടങ്ങും. മാഹിന്‍ കൂടുതല്‍ ദിവസങ്ങളിലും ബസ്സിലായിരുന്നു യാത്ര.
വീട്ടുകാരുടെ ഏക അത്താണിയായിരുന്നു ഇവര്‍. കൊല്ലത്ത് ബോട്ടില്‍ ജോലിചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. മൂന്നുപേര്‍ക്കും സ്വന്തമായി വീടില്ല. മാഹിനും അല്‍അമീനും ഭാര്യവീട്ടിലായിരുന്നു താമസം. കോങ്ങാലില് ചെറിയ വീടിന്റെ മുകളില്‍ താത്കാലിക ഷെഡ്ഡൊരുക്കിയാണ് മാഹിനും കുടുംബവും താമസിക്കുന്നത്. സുധീര്‍ പൊഴിക്കര ഈച്ചന്റഴികത്ത് വാടകവീട്ടില്‍ താമസിക്കുന്നു. ഏറെക്കാലമായി ദുബായില്‍ മത്സ്യത്തൊഴിലാളിയായി ജോലിചെയ്യുന്ന ഇദ്ദേഹം മാസങ്ങള്‍ക്കുമുമ്പാണ് നാട്ടിലെത്തിയത്. തൊട്ടടുത്തദിവസംമുതല് കൊല്ലത്ത് ബോട്ടുകളില്‍ ജോലിക്ക് പോയി. സാങ്കേതികതടസ്സങ്ങളെ തുടര്‍ന്ന് വായ്പ ലഭിക്കാതായതോടെ വീടുപണി പാതിവഴിയില്‍ നിലച്ചു. ഭാര്യയും 17 വയസ്സുള്ള മകളും 14 വയസ്സുള്ള മകനുമാണുള്ളത്.
മാഹിന്‍ പത്തും ഏഴും വയസ്സുള്ള മക്കളാണുള്ളത്. അമീന് 14-ഉം 11-ഉം വയസ്സുള്ള പെണ്മക്കളുണ്ട്. ക്ഷേമനിധിയുടെ പരിരക്ഷയും മൂന്നുപേര്‍ക്കുമില്ല. ഇനിയെന്തെന്ന ചോദ്യമാണ് മൂന്നു കുടുംബങ്ങളെയും ഉലയ്ക്കുന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോടെയാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പരവൂരിലെ വീടുകളില്‍ എത്തിച്ചത്. ഒരുനോക്കുകാണാന്‍ വന്‍ ജനാവലി കാത്തുനിന്നു. മാഹിന്റെയും അല്‍അമീന്റെയും മൃതദേഹം വടക്കുംഭാഗം മുസ്ലിം ജുമുഅത്ത് പള്ളി കബര്‍സ്ഥാനിലും സുധീറിന്റേത് ചില്ലക്കല്‍ മുസ്ലിം ജുമുഅത്ത് പള്ളി കബര്‍സ്ഥാനിലും കബറടക്കി.
അന്വേഷണം വേണം
പരവൂര്‍: താന്നിയില്‍ മത്സ്യത്തൊഴിലാളികളുടെ അപകടമരണത്തില്‍ അന്വേഷണം നടത്തണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന് (സി.ഐ.ടി.യു.) പരവൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണംനടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്നും മേഖലാ സെക്രട്ടറി പി.സിറാജ്, പി.റഷീദ് എന്നിവര്‍ ആവശ്യപ്പെട്ടു

