എഎപിയുടെ ജനപിന്തുണയില്‍ ബിജെപിയ്ക്ക് ആശങ്ക;സിസോദിയയെ ഉടനെ അറസ്റ്റ് ചെയ്‌തേക്കാം-കെജ്‌രിവാള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് വന്‍ ജനപിന്തുണയുണ്ടെന്നും പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന ഈ പിന്തുണയാണ് മനീഷ് സിസോദിയക്കെതിരെയുള്ള അഴിമതിയാരോപണത്തിലും സിബിഐ റെയ്ഡിലും എത്തി നില്‍ക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ് രിവാള്‍. പത്ത് ദിവസത്തിനുള്ളില്‍ സിസോദിയയുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും എന്നാല്‍ ജനങ്ങളുടെ ആവേശം കാണുമ്പോള്‍ അദ്ദേഹത്തിന്റെ അറസ്റ്റ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിലുണ്ടാകുമെന്ന് തോന്നുന്നതായും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ഭാവ്‌നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഎപിയുടെ ജനപിന്തുണ ദിനംപ്രതി വര്‍ധിക്കുന്നതാണ് ബിജെപിയുടെ അമര്‍ഷത്തിന് പിന്നിലെന്നുള്ള മനീഷ് സിസോദിയയുടെ പ്രസ്താവനയെ ജനങ്ങള്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും എഎപിയെ പിന്തുണക്കുന്നതിന്റെ അത്യാവേശവുമാണ് തന്റെ കഴുത്തില്‍ ബിജെപി സര്‍ക്കാര്‍ പിടിമുറുക്കാന്‍ കാരണമെന്ന് സിസോദിയ പറഞ്ഞു. സത്യസന്ധതയില്‍ അടിയുറച്ച് വിശ്വസിക്കുന്നതിനാല്‍ താന്‍ ഒരു തരത്തിലും ഭയപ്പെടില്ലെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ എഎപിയുടെ വളര്‍ച്ചയില്‍ ബിജെപി ഭയപ്പെടുന്നതായും അക്കാരണത്താല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടിലിനെ തല്‍സ്ഥനത്ത് നിന്ന് നീക്കം ചെയ്യാനൊരുങ്ങുകയാണെന്ന് സൂചന ലഭിച്ചതായും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഗുജറാത്തില്‍ എഎപിയുടെ പരാജയം മുന്‍കൂട്ടിക്കണ്ട കെജ്‌രിവാള്‍ ജനശ്രദ്ധ നേടുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ പറയുകയാണെന്നും ബിജെപി വക്താവ് യമല്‍ വ്യാസ് ട്വീറ്റിനോട് പതികരിച്ചു.

