KSDLIVENEWS

Real news for everyone

ഇ.ഡിയുടെ വിശാലാധികാരം തിരിച്ചെടുക്കുമോ?; പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രീംകോടതിയില്‍, വാദങ്ങള്‍ ഇങ്ങനെ

SHARE THIS ON

കാരണം പോലും വ്യക്തമാക്കാതെ ആരെയും വിളിച്ചുവരുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന വിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത്. വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡിക്ക് വിശാല അധികാരം നല്‍കുന്നതിനെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ ദിവസം പുറപ്പടുവിച്ച സുപ്രധാനമായ മറ്റൊരു വിധിയില്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.


ബിനാമി ഇടപാടുകള്‍ തടയല്‍ നിയമത്തില്‍ 2016-ല്‍ കൊണ്ടുവന്ന ഭേദഗതിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പുറപ്പടുവിച്ച വിധിയിലാണ് ഇ.ഡിക്ക് പരമാധികാരം നല്‍കുന്നതിനെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരോക്ഷമായി വിമര്‍ശിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തില്‍ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇ.ഡിക്ക് നല്‍കുന്ന അധികാരം ഏകപക്ഷീയമായി ഉപയോഗിച്ചേക്കാം എന്നായിരുന്നു വിമര്‍ശനം.

ഇ.ഡി ക്ക് വിശാല അധികാരം നല്‍കുന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് തുറന്ന കോടതിയില്‍ വാദംകേള്‍ക്കുന്നത്. ഇന്നലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി ചേമ്പറില്‍ പരിഗണിച്ചിരുന്നു. തുടര്‍ന്നാണ് തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. സാധാരണ ഗതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ ചേമ്പറില്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കാറാണ് പതിവ്. എന്നാല്‍ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം എന്ന ആവശ്യം കോടതി അംഗീകരിക്കാറുണ്ട്.

ഇ.ഡിക്ക് പരമാധികാരം നല്‍കുന്ന വിധി ജൂലൈ 27-ന് പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി. ടി. രവികുമാര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ്. ഇതില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എന്‍. വി. രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്. ചീഫ് ജസ്റ്റിസ് എന്‍. വി. രമണയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി. ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജി ഇന്ന് ചേമ്പറില്‍ പരിഗണിച്ചത്.

ഹര്‍ജിയില്‍ ഇന്ന് നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍

കാര്‍ത്തി ചിദംബരം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കല്‍ നടക്കാന്‍ ഇടയില്ല. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി നോട്ടീസ് അയക്കണമോ എന്നതിനെ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. നോട്ടീസ് അയക്കേണ്ട എന്ന് തീരുമാനിച്ചാല്‍ ബെഞ്ചിന് ഹര്‍ജി തള്ളുകയും ചെയ്യാം.

പുനഃപരിശോധന ഹര്‍ജിയിലെ വാദങ്ങള്‍

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ ഭേദഗതികള്‍ പണ ബില്ലായി അവതരിപ്പിച്ചാണ് പാര്‍ലമെന്റില്‍ പാസ്സാക്കിയത്. ഇ.ഡി കേസുകളിലെ പ്രതികള്‍ക്ക് ജാമ്യത്തിന് കര്‍ശന വ്യവസ്ഥ ഏര്‍പ്പെടുത്തിയത് ഉള്‍പ്പടെയുള്ള വിവിധ ഭേദഗതികള്‍ ഇങ്ങനെയാണ് പാസ്സാക്കിയത്. എന്നാല്‍ പണ ബില്ലായി അവതരിപ്പിച്ചതിന്റെ നിയമ സാധുത സംബന്ധിച്ച വിഷയം ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഏഴംഗ ഭരണഘടനാ ബെഞ്ച് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് സുപ്രീം കോടതി ശരിവച്ച ഭേദഗതികള്‍ പുനഃപരിശോധിക്കണമെന്നാണ് കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ 110-ാം അനുച്ഛേദ പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ഭേദഗതികള്‍ പണ ബില്ലായി കൊണ്ടുവരാന്‍ കഴിയില്ലെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കള്ളപ്പണ ഇടപാടിലൂടെ നേടിയ പണം, വസ്തുക്കള്‍, ആസ്തികള്‍ മുതലായവ തുടര്‍ച്ചയുള്ളത് എന്നാണ് ജൂലൈ 27-ന് പുറപ്പടുവിച്ച വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. അതിനാല്‍ തന്നെ നിയമവിരുദ്ധ ഇടപാടിലൂടെയുള്ള നേട്ടങ്ങള്‍ക്കെതിരേ മുന്‍കാല പ്രാബല്യത്തോടെ നടപടി സ്വീകരിക്കാന്‍ ഇ.ഡി ക്ക് കഴിയുമെന്നായിരുന്നു സുപ്രീം കോടതി വിധി. അതായത് നിയമവിരുദ്ധ ഇടപാടിലൂടെ ഏതെങ്കിലും വസ്തുവോ പണമോ മറ്റോ സ്വീകരിച്ചിട്ടുണ്ടെങ്കില്‍, അതിനെതിരേ എപ്പോള്‍ വേണമെങ്കിലും കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കാം. എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമം നടപ്പിലാക്കാന്‍ അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പുനഃപരിശോധനാ ഹര്‍ജിയിലെ വാദം. ഭരണഘടനയുടെ 20 (1) അനുച്ഛേദ പ്രകാരം, കുറ്റകൃത്യം നടത്തുന്ന സമയത്ത് നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തട്ടിലാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നാണ് കാര്‍ത്തി ചിദംബരം ചൂണ്ടിക്കാട്ടുന്നത്.

പിഎംഎല്‍എ നിയമത്തില്‍ വ്യവസ്ഥചെയ്യുന്ന കര്‍ശന ജാമ്യവ്യവസ്ഥകള്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. ജയില്‍ അല്ല, ജാമ്യമാണെന്ന നയത്തിന് വിരുദ്ധമാണെന്ന് പുനഃപരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ കര്‍ശന ജാമ്യവ്യവസ്ഥ ശരിവെച്ച വിധി പുനഃപരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പിഎംഎല്‍എ നിയമത്തിലെ മൂന്നാം വകുപ്പില്‍ കള്ളപ്പണ ഇടപാടിന്റെ പരിധിയില്‍ വരുന്ന കുറ്റകരമായ ഇടപാടുകളെ സംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ അറിഞ്ഞ് കൊണ്ടോ അറിയാതയോ കുറ്റകൃത്യത്തിലോ, അതിന്റെ ഭാഗമായോ ഉള്ള കാര്യങ്ങളിലോ വസ്തുക്കളിലോ ഇടപെട്ടാല്‍ അവരും കുറ്റക്കാരാകും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ വകുപ്പ് സംബന്ധിച്ച് സുപ്രീം കോടതി ജൂലൈ 27-ന് പുറപ്പടുവിച്ച വിധിയിലെ വിശദീകരണം പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസുകാരല്ലെന്ന വിധിയിലെ കണ്ടത്തെലും പുനഃപരിശോധിക്കണം. പിഎംഎല്‍എ നിയമത്തിലെ അമ്പതാം വകുപ്പ് പ്രകാരം ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നല്‍കുന്ന കുറ്റസമ്മത മൊഴി കോടതിയില്‍ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസിന് മുന്നില്‍ നല്‍കുന്ന കുറ്റസമ്മത മൊഴി കോടതിയില്‍ നിലനില്‍ക്കുന്നതല്ല. ഇ.ഡി തയാറാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍), എഫ്‌ഐആര്‍ അല്ല. അതിനാല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഇസിഐആറിന്റെ പകര്‍പ്പ് കൊടുക്കണമെന്നു നിര്‍ബന്ധമില്ല. അറസ്റ്റ് വേളയില്‍ കാരണങ്ങള്‍ വ്യക്തമാക്കിയാല്‍ മതിയെന്നും ജൂലൈ 27-ലെ വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതും പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!