KSDLIVENEWS

Real news for everyone

തെരുവുനായ്ക്കളുടെ സ്വഭാവം മാറുന്നു; മാറ്റിയെടുക്കുക എളുപ്പമാവില്ല

SHARE THIS ON

കണ്ണൂര്‍: വീട്ടില്‍ ഇണങ്ങിജീവിക്കുന്ന നായ്ക്കളെപ്പോലെയല്ല തെരുവിലെ നായ്ക്കള്‍. കൂട്ടംകൂടി നടക്കുന്ന ഇവയുടെ സ്വഭാവം വേറെയാണ്. വന്യമായ ശീലങ്ങളിലേക്ക് തിരിച്ചുനടക്കുകയാണിവ. ഈ വര്‍ഷംമാത്രം സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏതാണ്ട് 1.84 ലക്ഷം പേര്‍ക്ക് പരിക്കേറ്റുവെന്നതുതന്നെ അവയുടെ ആക്രമണസ്വഭാവത്തിന് തെളിവാണ്.

നായകള്‍ മനുഷ്യരുമായി വളരെ ഇണങ്ങിജീവിക്കും. എന്നാല്‍ വീട്ടിലെ സാഹചര്യമല്ല തെരുവുനായകള്‍ക്ക്. ആ വ്യത്യാസം സ്വഭാവത്തിലും കാണിക്കും -മണ്ണുത്തി വെറ്ററിനറി കോളേജിലെ അസോ. പ്രൊഫസര്‍ ഡോ. ഷിബു സൈമണ്‍ പറയുന്നു.

* അടിസ്ഥാനപരമായി കൂട്ടമായി ജീവിക്കുന്നവയാണ് നായ്ക്കള്‍. കാര്‍ണിവോറ വിഭാഗത്തിലെ നീണ്ട കോമ്പല്ലുള്ള ജീവി. ഓടിച്ചുപിടിക്കാന്‍ കഴിയുന്ന ജീവികളെ പിന്തുടര്‍ന്ന് പിടിക്കും. ചോരകലര്‍ന്ന പച്ചമാംസം ഭക്ഷിക്കും. മാംസഭുക്കാണ്.

* നായക്കൂട്ടത്തിന് ഒരു നേതാവുണ്ടാകും. അതിനെ പിന്തുടര്‍ന്ന് കൂട്ടം നീങ്ങും. കൂട്ടമായി തെരുവില്‍ നീങ്ങുന്ന നായ്ക്കള്‍ക്ക് വന്യസ്വഭാവം കൂടും.

* വീട്ടിലെ നായകള്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കിട്ടും, ശ്രദ്ധ കിട്ടും. യജമാനനോട് വിധേയത്വവും കാട്ടും. എന്നാല്‍ തെരുവിലെ നായകള്‍ക്ക് ഭക്ഷണം കൃത്യമായി കിട്ടില്ല. അലഞ്ഞുതിരിഞ്ഞ് ഭക്ഷണം കണ്ടെത്തണം. ഈ അലച്ചിലും മത്സരവും അവയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

നായക്കൂട്ടം അലഞ്ഞുനടന്ന് മാംസാവശിഷ്ടങ്ങളും മറ്റും തിന്നുശീലിക്കുന്നു. ചെറുജീവികളെയും മറ്റും പിന്തുടര്‍ന്ന് കൊന്നു തിന്നുന്നു. ചോരയോടെ പച്ചമാംസം കഴിച്ചു ശീലിക്കുമ്പോള്‍ നായ്ക്കളുടെ പഴയ വന്യസ്വഭാവത്തിലേക്ക് മടങ്ങുകയാണ്. ഇങ്ങനെ ശീലിച്ചാല്‍, പ്രത്യേകിച്ച് ഇരയെ ഓടിച്ചിട്ട് പിടിച്ച് ചുടുചോരയും പച്ചമാംസവും ശീലിച്ചാല്‍ സ്വഭാവം മാറ്റിയെടുക്കുക പ്രയാസകരമാകും-ഡോ. ഷിബു സൈമണ്‍ പറഞ്ഞു.

അന്നജം കഴിച്ച് അടുപ്പക്കാരായി

നായകളെ മനുഷ്യനോട് അടുപ്പിച്ചതില്‍ ഏറ്റവും പ്രധാനമായ ഒരു കാരണം അന്നജമടങ്ങിയ ഭക്ഷണം ശീലിച്ചുവെന്നതാണ്. പിന്നെ വേവിച്ച മത്സ്യമാംസാദികളും. നായ്ക്കളുടെ സ്വഭാവപരിണാമത്തിന് കാരണമായ ജീന്‍വ്യതിയാനങ്ങളെ സ്വീഡനില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്നജം ദഹിപ്പിക്കാനുള്ള നായ്ക്കളുടെ കഴിവിന് ആധാരമായ 10 ജീനുകളാണ് പ്രധാന മാറ്റമായി പഠനത്തില്‍ കണ്ടെത്തിയത്. വീട്ടില്‍ വളര്‍ത്തുന്ന നായകളുടെ സ്വഭാവത്തെക്കുറിച്ച് ഇത് കൃത്യമായ സൂചനകള്‍ തരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!