KSDLIVENEWS

Real news for everyone

‘വിമര്‍ശനം പാര്‍ട്ടിയില്‍ മതി’: കെ.എം ഷാജിക്കെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ്

SHARE THIS ON

കണ്ണൂര്‍: കെ എം ഷാജിക്കെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം. പാര്‍ട്ടി വേദികളില്‍ അല്ലാതെ പാര്‍ട്ടിക്കെതിരെ ഷാജി വിമര്‍ശനം ഉന്നയിക്കുന്നുവെന്നും ഷാജിക്കെതിരെ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സൗദിയിലെ ഒരു പരിപാടിയില്‍ പോലും പ്രധാന നേതാക്കളെ ഉന്നം വയ്ക്കുന്ന രീതിയില്‍ ഷാജി പ്രസംഗിച്ചു എന്നാണ് യോഗത്തില്‍ പ്രധാനമായും വിമര്‍ശനമുയര്‍ന്നത്. ചാനല്‍ അഭിമുഖങ്ങളിലും മറ്റും പാര്‍ട്ടിക്കെതിരെ ഷാജി വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗിന്റെ ഉന്നതാധികാര സമിതി എന്ന ബോഡി ഭരണഘടനാനുസൃതമല്ലെന്ന വിമര്‍ശനമടക്കം കെ.എം ഷാജിയുടെ ഭാഗത്തുണ്ടായിരുന്നു.

കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തില്‍ വലിയ രീതിയിലുള്ള വാഗ്വാദങ്ങള്‍ നേതാക്കള്‍ക്കിടയിലുണ്ടായിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ കെ.ഷംസയ്‌ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തു.

ഇതേ നടപടി ഷാജിക്ക് നേരെയും ഉണ്ടാകണമെന്ന് പാര്‍ട്ടിയില്‍ നേരത്തേ തന്നെ ആവശ്യമുയര്‍ന്നിരുന്നെങ്കിലും നടപടിയായിരുന്നില്ല. പിന്നീടാണ് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ കെ.എം ഷാജി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്നുവെന്ന് ഇന്നത്തെ യോഗത്തില്‍ ആരോപണമുണ്ടായത്.

നേരത്തേ തന്നെ അച്ചടക്കലംഘനം നിരീക്ഷിക്കാനും മറ്റുമായി അച്ചടക്കസമിതിക്ക് രൂപം നല്‍കിയിരുന്നു.എന്നാലിതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. ഇത് പൂര്‍ണതോതില്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി. ഒരു ചെയര്‍മാനും നാലംഗങ്ങളുമായിരിക്കും സമിതിയിലുണ്ടാവുക. പത്ര,ദൃശ്യ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമര്‍ശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് സാദിഖലി തങ്ങള്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഷാജിയുടെ പ്രസംഗം പാര്‍ട്ടിക്ക് എതിരല്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!