മഞ്ചേശ്വരം ആർ.ടി.ഒ. ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

മഞ്ചേശ്വരം: ആർ.ടി.ഒ. ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. രണ്ടായിരം രൂപയും ഏജന്റിന്റെ കൈവശത്തുനിന്ന് മൂവായിരം രൂപയുമുൾപ്പെടെ അയ്യായിരം രൂപ അനധികൃതമായുള്ളതായി കണ്ടെത്തുകയായിരുന്നു.
ചെക്ക് പോസ്റ്റ് വഴി പോകുന്ന വാഹനങ്ങളിൽനിന്ന് സർക്കാരിലേക്ക് അടയ്ക്കേണ്ട വിവിധ ഫീസുകളിൽ കുറവ് വരുത്തി രാത്രിസമയങ്ങളിൽ ഡ്രൈവർമാരിൽനിന്ന് കൈക്കൂലി വാങ്ങുന്നതായിയെന്ന വ്യാപക പരാതിയെ തുടർന്നാണ് ശനിയാഴ്ച രാത്രി വിജിലൻസ് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പരിശോധിക്കാതെ കടത്തിവിടുന്നതായും വ്യക്തമായി. ഡ്രൈവർമാരിൽനിന്ന് വാങ്ങുന്ന കൈക്കൂലിപ്പണം ഇടയ്ക്കിടെ എജന്റുമാർ മുഖേന മാറ്റുകയാണ് പതിവ്. അങ്ങനെ മാറ്റുന്ന ഒരു ഏജൻ്റിൽനിന്ന് മൂവായിരം രൂപ പിടിച്ചെടുത്തു.

