മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: ഇന്ത്യന്‍ കഫ് സിറപ്പുകളുടെ ഇറക്കുമതി നിരോധിച്ച് ഗാംബിയ

ഗാംബിയ: ഇന്ത്യന്‍ നിര്‍മിത മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള കഫ് സിറപ്പുകള്‍ നിരോധിച്ച് ഗാംബിയ. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
ഇന്ത്യ കഫ് സിറപ്പുകളുണ്ടെങ്കില്‍ ഉപയോഗിക്കരുതെന്ന് ഓരോ വീടുകളിലുമെത്തി അധികൃതര്‍ നിര്‍ദേശം നല്‍കുകയാണെന്നാണ് വിവരം. ഇത്രയധികം മരണങ്ങളുണ്ടായതിനാല്‍ ജാഗ്രത വേണമെന്ന് നിര്‍ദേശവും ഭരണകൂടം നല്‍കിയിട്ടുണ്ട്.
ഗാംബിയയില്‍ 5 വയസ്സില്‍ താഴെയുള്ള 66 കുട്ടികളുടെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകളാണെന്ന ഗുരുതര ആരോപണമാണ് ലോക ആരോഗ്യ സംഘടന ഉന്നയിച്ചത്. തുടര്‍ന്ന് ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ ഹരിയാന ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിക്ക് എതിരെ അന്വേഷണം ആരംഭിച്ചു. ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് അന്വേഷണ പരിധിയിലുള്ളത്.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച്, പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന് അടക്കമുള്ള കമ്ബനിയുടെ നാല് കഫ്സിറപ്പുകളില്‍ അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈകോള്‍, എഥിലിന്‍ ഗ്ലൈകോള്‍ എന്നിവ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയെന്നാണ് ആരോപണം. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി. ഈ മരണങ്ങള് എപ്പോള്‍ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലോകാരോഗ്യ സംഘടന നല്‍കിയിട്ടില്ല.

