അരുണാചലില്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം; 700ലേറെ കടകള്‍ കത്തിച്ചാമ്ബലായി; അഗ്നിശമന സേനയ്ക്ക് വന്‍ വീഴ്ച

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിലെ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. 700ഓളം കടകള്‍ കത്തി നശിച്ചു. നഹര്‍ലഗണ്‍ ഡെയ്ലി മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച രാവിലെ 3.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.
തീപ്പിടിത്തത്തില്‍ മൂന്നു കോടിയിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പ്രദേശത്തെ ഒരു വീട്ടില്‍ ദീപാവലിക്ക് കത്തിച്ച പടക്കങ്ങളില്‍ നിന്നോ വിളക്കുകളില്‍ നിന്നോ ആകാം തീപ്പിടിത്തം ഉണ്ടായതെന്നാണ് സംശയം. യഥാര്‍ഥ കാരണം അറിവായിട്ടില്ല. മുളയും തടിയും കൊണ്ട് നിര്‍മിച്ച കടകള്‍ ആയതിനാല്‍ നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
അതേസമയം, തീ അണയ്ക്കുന്നതില്‍ അഗ്നിശമനാ ഉദ്യോഗസ്ഥര്‍ക്ക് വന്‍ വീഴ്ചയുണ്ടായെന്ന് കടയുടമകള്‍ ആരോപിച്ചു. അഗ്നിശമനാ സ്റ്റേഷനു സമീപമാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. എന്നിട്ടും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് എത്തുകയോ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയോ ചെയ്തില്ലെന്ന് കടക്കാര് വ്യക്തമാക്കി. വിവരമറിയിക്കാന്‍ ഫയര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെയാരെയും കണ്ടില്ല.
അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് എത്തുമ്ബോള്‍ ആവശ്യത്തിന് വെള്ളം എടുത്തിരുന്നില്ലെന്നും കടക്കാര് ആരോപിച്ചു. വെള്ളം നിറയ്ക്കാന്‍ ഏറെ അകലെ പോയ അഗ്നിശമന സേനാംഗങ്ങള്‍ പുലര്‍ച്ചെ അഞ്ചിനാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അപ്പോഴേക്കും മാര്‍ക്കറ്റിന്റെ ഭൂരിഭാഗവും അഗ്നിക്കിരയായിരുന്നതായും കടക്കാര് പറഞ്ഞു. ആദ്യ രണ്ട് മണിക്കൂറില്‍ രണ്ട് കടകളില്‍ മാത്രമാണ് തീ പടര്ന്നിരുന്നതെന്നും എന്നാല്‍ അഗ്നിശമന സേന കാര്യക്ഷമമല്ലാത്തതിനാല്‍ തീ പടരുകയായിരുന്നെന്നും അവര്‍ അറിയിച്ചു.
പൊലീസും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല. ചുമതലയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടന്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും നഹര്‍ലഗണ്‍ ബസാര്‍ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് കിപ നായ് ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയ അഗ്നിശമന സേനാംഗങ്ങളെ സസ്പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് അരുണാചല്‍ പ്രദേശ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് നാചുങ്ങും രംഗത്തെത്തി.
രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മിനിമം സൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും സംസ്ഥാന തലസ്ഥാനത്ത് വിവിധിയിടങ്ങളില്‍ അഗ്നിശമന സേനയ്ക്ക് വെള്ളം നിറയ്ക്കാനുള്ള കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലസ്ഥാന നഗരത്തിലാണ് ഇത്രയും വലിയൊരു ദുരന്തമുണ്ടായത്.
അപ്പോള്‍ മറ്റു ജില്ലകളില്‍ ആയിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, തീപ്പിടിച്ചു നശിച്ച മാര്‍ക്കറ്റ് അരുണാചല്‍ പ്രദേശ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കുമെന്ന് ഇറ്റാനഗര്‍ എം.എല്‍.എ തെച്ചി കാസോ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

