കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത; സംഭവം തലശ്ശേരിയില്‍

കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച് യുവാവിന്റെ ക്രൂരത. തലശ്ശേരിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രാജസ്ഥാന് സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇയാളുടെ ചവിട്ടേറ്റ കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നില്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും കാറിലേക്ക് കയറിയെങ്കിലും അവരും ഒന്നും മിണ്ടുകയോ കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ഇയാളെ ചോദ്യം ചെയ്തെങ്കിലും ചെയ്തതിനെ ന്യായീകരിക്കുകയും കാറില്‍ കയറി പോകുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം.

