KSDLIVENEWS

Real news for everyone

ജില്ലയിൽ കുടുംബശ്രീക്ക് ഇനി കെശ്രീ ബ്രാൻഡ്; 40 ഉൽപന്നങ്ങൾ ആദ്യ ഘട്ടത്തിൽ ബ്രാൻഡ് ചെയ്യും

SHARE THIS ON

കാസർകോട് ∙ ജില്ലയിലെ രണ്ടായിരത്തോളം കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വിപണിയിലെത്തുന്നത് കെശ്രീ എന്ന ഒറ്റ ബ്രാൻഡിൽ. ചെറുകിട സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങൾ ഒരു ഏകീകൃത ബ്രാൻഡിന്റെ കീഴിൽ വിറ്റഴിക്കാൻ സൗകര്യം ഒരുക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷൻ. ഉൽപന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉൽപന്നങ്ങളെ കെശ്രീ എന്ന ഒറ്റക്കുടക്കീഴിലാക്കുന്നത്. ജില്ലയിലെ കുടുംബശ്രീ സംരംഭകർ വിവിധ പേരുകളിലാണു നിലവിൽ അവരുടെ ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചിരുന്നത്.എന്നാൽ നല്ല ആകർഷണീയമായ കവറുകൾ, ഏകീകൃത സ്വഭാവം എന്നിവ ഇല്ലാത്തതിനാൽ വിപണി കണ്ടെത്തുന്നതിനു പ്രയാസം നേരിടുകയായിരുന്നു.

ഈ സാഹചര്യത്തെ മറികടന്നു വിപണിയിൽ തിളങ്ങാനാണ് കെശ്രീ ബ്രാൻഡിങ് ഒരുങ്ങുന്നത്.ജില്ലയിൽ 2000 സംരംഭകരുണ്ട്. നീലേശ്വരം ബ്ലോക്കിൽ നിന്ന് മീറ്റ് മസാല, ചിക്കൻ മസാല, ഫിഷ് മസാല, അച്ചാർ പൊടി, ചമ്മന്തിപ്പൊടി തുടങ്ങിയ എസ്‍വിഇപി സംരംഭങ്ങളുടെ 10 ഉൽപന്നങ്ങളും പരപ്പയിൽ നിന്ന് ആർകെഐഇഡിപി സംരംഭങ്ങളുടെ 10ഉം അടക്കം 40 ഉൽപന്നങ്ങൾ ആദ്യ ഘട്ടത്തിൽ ബ്രാൻഡ് ചെയ്യും. ബാഗുകൾ, ചെരിപ്പുകൾ തുടങ്ങിയവ രണ്ടാംഘട്ടത്തിലാണ് കെശ്രീ ബ്രാൻഡിൽ ഉൾപ്പെടുത്തുന്നത്. വിവിധ സിഡിഎസുകളിലായി രൂപീകരിച്ച മാർക്കറ്റ് കിയോസ്‌ക് വഴിയും നഗരങ്ങളിലെ അർബൻ കിയോസ്‌ക് വഴിയും ഇവ വിറ്റഴിക്കും. കൂടാതെ കുടുംബശ്രീയുടെ ഹോം ഷോപ്പ് വിൽപനയും ഇതിനായി പ്രയോജനപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!