ഇരട്ടക്കൊല: കര്‍ണാടകയിലേക്ക് കടന്ന് പ്രതികള്‍, ഒളിയിടം തേടി വീണ്ടും കണ്ണൂരില്‍, നാടകീയമായി അറസ്റ്റ്

തലശ്ശേരി: തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിൽ പോലീസിന്റെ പ്രവർത്തനം പഴുതുകളടച്ചു തന്നെയായിരുന്നു. പ്രതികൾ 24 മണിക്കൂറിനിടയിൽ പിടിയിലായതും പോലീസിന്റെ സമർഥമായ ഇടപെടലിൽത്തന്നെ. തലശ്ശേരി എ.സി.പി. പി.നിധിൻരാജിന്റെ നേതൃത്വത്തിലായിരുന്നു പ്രതികൾക്കായുള്ള കെണിയൊരുക്കിയത്.
സംഭവം നടന്ന ബുധനാഴ്ച തന്നെ പ്രതികൾ ഒളിവിൽ പോകാൻ ഇടയുള്ള മംഗളൂരു, മൈസൂരു, വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രികരിച്ച് രൂപരേഖ തയ്യാറാക്കി. പിന്നീട് തലശ്ശേരി, ധർമടം, കൂത്തുപറമ്പ്, കതിരൂർ, ന്യൂ മാഹി, പിണറായി ഉൾപ്പെടെ നാല് സ്റ്റേഷൻ കേന്ദ്രീകരിച്ച് ആറ് സ്ക്വാഡുകൾ രൂപവത്‌കരിച്ച് ചുമതലകൾ വിഭജിച്ചുനൽകി. ബുധനാഴ്ച രാത്രി കർണാടകയിലേക്ക് പ്രതികളെത്തിയപ്പോഴേക്കും പോലീസും പിറകെയെത്തി. തലനാരിഴയ്ക്കാണ് പ്രധാന പ്രതി പാറായി ബാബു ഉൾപ്പെടെ നാലുപേരും രക്ഷപ്പെട്ടത്. സുരക്ഷിത താവളം തേടി കേരളത്തിലേക്ക് മടങ്ങിയ ഇവരുടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് ജാഗ്രതാനിർദേശം സംസ്ഥാനത്തെ സ്റ്റേഷനുകളിലെത്തി. ഓട്ടോറിക്ഷയിൽ പിണറായിലേക്ക് പ്രതികൾ രക്ഷപ്പെട്ടത് കണ്ടെത്തിയത് 50-ലധികം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച ശേഷമായിരുന്നു. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിണറായി-ചിറക്കരയിൽനിന്ന് ഓട്ടോറിക്ഷ കണ്ടെത്തിയതോടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് തെളിഞ്ഞു. തുടർന്നായിരുന്നു ഇരിട്ടിയിൽ പ്രതികളുടെ നാടകീയമായ അറസ്റ്റ്

