KSDLIVENEWS

Real news for everyone

വനിത ശിശുവികസന വകുപ്പിന്റെ ‘ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്’ കാസര്‍കോട്ട് തുടക്കമായി

SHARE THIS ON

കാസര്‍കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന അന്താരാഷ്ട്ര ദിനമായ നവംബര്‍ 25 മുതല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ 16 ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ജില്ലയില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ ‘ഓറഞ്ച് ദ വേള്‍ഡ്’ തീം അടിസ്ഥാനമാക്കിയാണ് വനിത ശിശുവികസന വകുപ്പ് പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ പ്രധാന കാരണങ്ങളായ ശൈശവ വിവാഹം, സ്ത്രീധനം എന്നിവ സമൂഹത്തില്‍ നിന്നും പൂര്‍ണ്ണമായും തുടച്ചു മാറ്റപ്പെടേണ്ട ആവശ്യകത ബോധവത്ക്കരണ പരിപാടികളിലൂടെ ചൂണ്ടിക്കാട്ടും. അതിക്രമത്തിന് ഇരയാകുന്ന ആരും തന്നെ ഉണ്ടാകാന്‍ പാടില്ല എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ യൂണിയന്‍ നേതാക്കള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സ്ത്രീധന നിരോധനം, ഗാര്‍ഹിക പീഡന നിരോധനം, ശൈശവ വിവാഹം തടയല്‍, പൊതുയിടം എന്റേതും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹാഷ് ടാഗ് തുടങ്ങിയവ ക്യാമ്പയിനിന്റെ ഭാഗമായി നടത്തും. അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, എം.എസ.്‌കെ, ഡി.ഡബ്ല്യു.സി.ഡി.ഒ, ഡബ്ല്യു.പി.ഒ, പി.ഒ, ഡി.സി.പി.ഒ എന്നിവര്‍ മുഖേന പൊതുജനങ്ങള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഹാഷ് ടാഗ് കാമ്പയിന്‍ നടത്തുന്നത്. സൈക്കിള്‍ റാലി, ഗാര്‍ഹിക പീഡന സ്ത്രീധന നിരോധന ദിനാചരണം, ഡെല്‍സയുമായി സഹകരിച്ച് അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ച, വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ചുള്ള എഫ്.എം റേഡിയോ ക്യാമ്പയിന്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ചുവര്‍ ചിത്ര മത്സരം എന്നിവയും നടത്തും. ബ്ലോക്ക് തലത്തില്‍ സി.ഡി.പി.ഒമാരുടെ നേതൃത്വത്തില്‍ എല്ലാ സൂപ്പര്‍വൈസര്‍മാരും അതാത് പഞ്ചായത്ത് തലത്തില്‍, അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പോഷ് ആക്ട് പ്രകാരമുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തും. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പുന:സംഘടിപ്പിച്ച ജില്ലാതല മോണിറ്ററിംഗ് സമിതികള്‍ യോഗം ചേരും. ജില്ലാതലത്തില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ നേതൃത്വത്തിലും പഞ്ചായത്ത് തലത്തില്‍ സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തിലും സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, റസിഡന്റ്സ് അസോസിയേഷന്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി സഹകരിച്ച് രാത്രി നടത്തം സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!