ഉത്തർപ്രദേശിൽ അസം ഖാന്റെ തട്ടകത്തിൽ ബിജെപിക്ക് ചരിത്രവിജയം; മെയിൻപുരിയിൽ ഡിംപിൾ

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്രവിജയത്തിന്റെ ആവേശത്തിനിടെ, ഉത്തർപ്രദേശിലെ റാംപുർ സദറിൽ തകർപ്പൻ വിജയവുമായി ബിജെപി. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ തട്ടകമായ ഈ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ബിജെപി ആദ്യമായി വിജയക്കൊടി നാട്ടി. ഇവിടെ ബിജെപി സ്ഥാനാർഥി അക്ഷയ സക്സേന, സമാജ്‌വാദി പാർട്ടിക്കായി മത്സരിച്ച അസം ഖാന്റെ ഉറ്റ അനുയായി അസിം രാജയെ പരാജയപ്പെടുത്തി. 2002 മുതലിങ്ങോട്ട് അസം ഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രം ജയിച്ചുവരുന്ന മണ്ഡലമാണിത്. 1980 – 1993 കാലഘട്ടത്തിലും വിവിധ പാർട്ടികളുടെ ടിക്കറ്റിൽ അസം ഖാൻ ഇവിടെ വിജയിച്ചിട്ടുണ്ട്.
അതേസമയം, ഇവിടെ ബിജെപി പ്രവർത്തകരല്ലാത്ത വോട്ടർമാരെ വോട്ടു ചെയ്യുന്നതിൽ തടഞ്ഞതായി സമാജ്‌വാദി പാർട്ടി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചരിത്രത്തിലാദ്യമായി മണ്ഡലം ബിജെപി പിടിച്ചെടുത്തത്. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെ 2019ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഉത്തർപ്രദേശിലെ ഖട്ടൗലി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടു. ഇവിടെ രാഷ്ട്രീയ ലോക്ദളിന്റെ (ആർഎൽഡി) മദൻ ഭയ്യയാണ് വിജയിച്ചത്. ഉത്തർപ്രദേശിലെ മെയ്ൻപുരി ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ് വിജയിച്ചു. സമാജ്‌വാദി പാർട്ടിയുടെ സിറ്റിങ് സീറ്റാണിത്. ഇവിടെ എംപിയായിരുന്ന സമാജ്‌വാദി പാർട്ടി മുൻ അധ്യക്ഷൻ മുലായം സിങ് യാദവിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

