KSDLIVENEWS

Real news for everyone

ഇന്നലെ കോടിയേരിക്കെതിരെ ആക്ഷേപം ഉന്നയിക്കേണ്ടി വന്നത് സഹികെട്ടതിനാലാണെന്ന് ; രമേശ് ചെന്നിത്തല
കോടിയേരിയുടെ മുന്‍ പേഴസണല്‍ സ്റ്റാഫ് അംഗത്തിന് അടക്കം മൂന്നു പേര്‍ക്ക് ഫോൺ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ മുന്‍ പേഴസണല്‍ സ്റ്റാഫ് അംഗത്തിന് അടക്കം മൂന്നു പേര്‍ക്ക് യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന് ഫോണ്‍ സമ്മാനമായി കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോണ്‍ വാങ്ങുന്ന ചിത്രങ്ങള്‍ സഹിതമാണ് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.

കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ മൂന്നു പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി ലഭിച്ചു. പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവന്‍ അടക്കമുള്ളവര്‍ക്കാണ് ഫോണ്‍ ലഭിച്ചത്. രാജീവന്‍ ഫോണ്‍ വാങ്ങിയത് തെറ്റാണെന്ന് പറയുന്നില്ല. തന്‍െറ സ്റ്റാഫ് അംഗമായ ഹബീബിന് വാച്ചും സമ്മാനമായി കിട്ടിയിരുന്നു. പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ചാണ് കോടിയേരി അടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്. പ്രോട്ടോകോള്‍ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോകോള്‍ ഉദ്യോഗസ്ഥന് തന്നെ ഫോണ്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച്‌ എന്താണ് പറയാനുള്ളത്? ആര്‍ക്കെതിരെയും വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കാറില്ല. ഇന്നലെ കോടിയേരിക്കെതിരെ ആക്ഷേപം ഉന്നയിക്കേണ്ടി വന്നത് സഹികെട്ടതിനാലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

താന്‍ ഫോണ്‍ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്‍െറ വാദം അസംബന്ധമാണ്. ഒരു ഫോണ്‍ എവിടെയാണെന്ന് ഇപ്പോള്‍ കണ്ടെത്താനായി. മറ്റു രണ്ട് ഫോണുകള്‍ എവിടെയാണെന്ന് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം അഞ്ച് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്ന് വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ വീടുകള്‍ പണിയാന്‍ കരാര്‍ ഏറ്റെടുത്ത യൂനിടാകിെന്‍റ എം.ഡി സന്തോഷ് ഈപ്പന്‍ ഹൈകോടതിയില്‍ അറിയിച്ചിരുന്നു. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്‍കിയെന്നും സി.ബി.ഐ അന്വേഷണത്തിനെതിരെ യൂനിടാക് നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

യു.എ.ഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയിച്ചവര്‍ക്കുള്ള സമ്മാനം താന്‍ വിതരണം ചെയ്യുക മാത്രമാണ് ചെയതതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!