പാഠ്യപദ്ധതി പരിഷ്കരണം; തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു ലീഗ് നേതാവില്‍ നിന്ന് സാംസ്കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ ഒരു പരാമര്‍ശം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു. ലീഗ് നേതാവിന്റെ പരാമര്‍ശങ്ങളോടുള്ള നിലപാട് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ജനകീയ ചര്‍ച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്. ലീഗ് നേതാവിന്റെ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്കുള്ള കുറിപ്പില്‍ ഉണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്.
ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടി ആക്കി തല്ലിക്കൊല്ലുന്ന പ്രയോഗത്തിനാണ് ലീഗ് നേതാവ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

