യു.കെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ശ്രമം പരാജയപ്പെട്ടു; നീരവ് മോദിയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും

ലണ്ടന്‍: ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവ് മോദിയുടെ ശ്രമം പരാജയപ്പെട്ടു. 11,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതിയാണ് അമ്ബത്തിയൊന്നുകാരനായ നീരവ് മോദി.
തട്ടിപ്പ് വിവരം പുറത്തുവരികയും വിവിധ ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുകയും ചെയ്‌തതോടെ ഇയാള്‍ ഇന്ത്യ വിടുകയായിരുന്നു. 2019 മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായത്. നീരവ് മോദി കടുത്ത വിഷാദത്തിലാണെന്നും ആത്മഹത്യാപ്രവണതയുണ്ടെന്നും ഇന്ത്യയിലേക്ക് കെെമാറുന്നതോടെ അത് കൂടുതല്‍ വഷളാകുമെന്നുമായിരുന്നു നീരവിന്റെ അഭിഭാഷകന്റെ വാദം.
കഴിഞ്ഞമാസം നീരവ് മോദിയുടെ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തള്ളിയിരുന്നു. മുംബയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നീരവ് മോദിയ്ക്ക് മതിയായ വെെദ്യസഹായം നല്‍കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.ആ ഉറപ്പ് സംശയിക്കരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്.
യുകെ സുപ്രീം കോടതിയെ സമീപിക്കുക എന്നതായിരുന്നു നീരവ് മോദിയ്‌ക്ക് മുന്നിലുള്ള അടുത്ത ഓപ്ഷന്‍, എന്നാല്‍ കേസ് പൊതു പ്രാധാന്യത്തോടെയുള്ളതാണെന്ന് ഹൈക്കോടതി സമ്മതിച്ചാല്‍ മാത്രമേ സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയുകയുള്ളൂ. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്ന വഴി മാത്രമാണ് നീരവ് മോദിക്ക് മുന്നിലുള്ളത്. 2019 മാര്‍ച്ച് മുതല്‍ ലണ്ടന്‍ ജയിലിലാണ് നീരവ് മോദി കഴിയുന്നത്.

