പ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. മൈസൂരുവിന് സമീപത്തുവെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന മേഴ്സിഡസ് ബെൻസ് എസ്.യു.വി. ഡിവൈഡറിൽ ഇടിച്ചത്. പ്രഹ്ലാദ് മോദി, ഭാര്യ, മകൻ, മകന്റെ ഭാര്യ, കൊച്ചുമകൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. ബന്ദിപ്പുറിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. കാറിന്റെ മുൻഭാഗത്തിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ പ്രഹ്ലാദ് മോദിയുടെ കൊച്ചുമകന്റെ കാലിന് പൊട്ടലുണ്ട്. മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളത്. ഇവരെ മൈസൂരുവിലെ ജെ.എസ്.എസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നും കാർ അമിതവേഗത്തിൽ ആയിരുന്നില്ലെന്നും മൈസൂരു എസ്.പി. സീമ ലട്കർ എൻ.ഡി.ടി.വിയോടു പ്രതികരിച്ചു. എന്നാൽ നിയന്ത്രണം വിട്ടതിന് പിന്നാലെ കാർ ഡിവൈഡറിൽ ഇടിയ്ക്കുകയുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. അപകടം നടന്ന സ്ഥലം തിരക്കേറിയ ജങ്ഷൻ അല്ലെന്നും ഇവിടെ അനുവദനീയമായ പരാമവധി വേഗപരിധി മണിക്കൂറിൽ 40-50 കിലോമീറ്ററാണെന്നും എസ്.പി. കൂട്ടിച്ചേർത്തു. കർണാടക കായികവകുപ്പുമന്ത്രി നാരായൺ ഗൗഡ, പ്രഹ്ലാദ് ജോഷിയെയും കുടുംബത്തെയും ആശുപത്രിയിൽ സന്ദർശിച്ചു

