‘നോട്ട് നിരോധനം നിയമവിരുദ്ധം’; ഭൂരിപക്ഷ വിധിയോട് ശക്തമായി വിയോജിച്ച് ജസ്റ്റിസ് നാഗരത്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നോട്ട് നിരോധന നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ ഭിന്നവിധി. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ ഭൂരിപക്ഷ വിധിയെ അഞ്ചംഗഭരണഘടനാ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരും അനുകൂലിച്ചപ്പോള്‍ നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന തന്റെ വിധിയില്‍ വ്യക്തമാക്കി. ഭൂരിപക്ഷ വിധിയോട് ശക്തമായി വിയോജിക്കുന്നതാണ് ജസ്റ്റിസ് നാഗരത്‌നയുടെ ഭിന്നവിധി.
‘നിയമവിരുദ്ധം’ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ നാഗരത്‌ന തന്റെ വിധിയില്‍ വിശേഷിപ്പിച്ചത്. എന്റെ കാഴ്ചപ്പാടില്‍ നവംബര്‍ എട്ടിലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം നിയമവിരുദ്ധം (Unlawful) ആണ്. നോട്ട് നിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാരപ്രയോഗമായിരുന്നു, അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ നടപടിയായിരുന്ന അത്. എന്നാല്‍ ഇത് സംഭവിച്ചത് 2016-ല്‍ ആണ് എന്നതിനാല്‍ പഴയ സ്ഥിതി ഇനി പുനഃസ്ഥാപിക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്‌നയുടെ വിധിപ്രസ്താവത്തില്‍ പറയുന്നു.
സര്‍ക്കാരിന്റെ ഒരു വിജ്ഞാപനത്തിലൂടെ നടപ്പാക്കേണ്ട കാര്യമല്ല നോട്ടുനിരോധനം. മറിച്ച്, പാര്‍ലമെന്റില്‍ ഒരു നിയമനിര്‍മാണത്തിലൂടെ നടപ്പാക്കേണ്ടതാണ്. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ഹാജരാക്കിയ രേഖകള്‍ വ്യക്തമാക്കുന്നത് കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്നാണ്. രേഖകളില്‍ ഉപയോഗിച്ചിരിക്കുന്ന ‘കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം’ എന്ന വാചകങ്ങള്‍ വ്യക്തമാക്കുന്നത് റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണെന്നും ജസ്റ്റിസ് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു

