ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഉണ്ടായ ആക്രമണം; അന്വേഷണം ശക്തമാക്കി പൊലീസ്

റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. അറസ്റ്റിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കും.
ആദിവാസികള്‍ നടത്തിയ സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് സര്‍ക്കാരില്‍ നിന്ന് ഇന്നലെ റിപ്പോര്‍ട്ട് തേടിയിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ ബി.ജെ.പി ജില്ലാ അധ്യക്ഷനക്കം അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മതപരിവര്‍ത്തനം ആരോപിച്ച് നടന്ന ആദിവാസി പ്രതിഷേധത്തിനിടെയായിരുന്നു പള്ളിക്കും പൊലീസിനും നേരെ ആക്രമണമുണ്ടായത്. ബി.ജെ.പി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് ലധാക്ഷ്യ രൂപ്സായെ, അങ്കിത് നന്തി, അതുല്‍ നേതാം, ഡോമെന്ദ് യാദവ് തുടങ്ങിയവരാണ് പിടിയിലായത്.
ഇവരെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെല്ലാം പള്ളി തകര്‍ത്തതിലും പൊലീസിനെ ആക്രമിച്ചതിലും പ്രതികളാണ്. ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അക്രമണം.
മതപരിവര്‍ത്തനം ആരോപിച്ച് നടന്ന ആദിവാസി പ്രതിഷേധത്തിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും ക്രിസ്ത്യന്‍ പള്ളിക്കും പൊലീസിനും നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധവുമായെത്തിയവര്‍ പള്ളിക്കു നേരെയും പൊലീസുകാര്‍ക്കു നേരെയും ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തില്‍ പത്തിലേറെ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. നാരായണ്‍പൂര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച അക്രമികള്‍ മറ്റ് ഉദ്യോഗസ്ഥരേയും ആക്രമിക്കുകയായിരുന്നു.
സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസിനു നേരെ ആക്രമണം. പ്രതിഷേധക്കാര്‍ പള്ളിയിലെ യേശുക്രിസ്തുവിന്റേത് ഉള്‍പ്പെടെയുള്ള ആരാധനാ രൂപങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

