കാവി വേണ്ട, മോഡേണായി വസ്ത്രം ധരിക്കൂ: യോഗിയോട് കോൺഗ്രസ് നേതാവ്

മുംബൈ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിവാദ പരാമർശവുമായി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവൈ. യോഗി ആദിത്യനാഥ് മോഡേണായി വസ്ത്രം ധരിക്കണമെന്നായിരുന്നു ദൽവൈയുടെ പരാമർശം. രണ്ട് ദിവസത്തെ സന്ദർശനത്തിനായി യോഗി മുംബൈയിലെത്താനിരിക്കെയാണു പരാമർശമുണ്ടായത്.
‘‘എല്ലാ ദിവസവും മതത്തെക്കുറിച്ചു സംസാരിക്കേണ്ടതില്ല. കാവി വസ്ത്രങ്ങൾ ധരിക്കരുത്. അൽപം പുരോഗമനപരമായി ചിന്തിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്യണം. മഹാരാഷ്ട്ര സർക്കാർ വ്യവസായ മേഖലയ്ക്കു മികച്ച സൗകര്യം ചെയ്തുനൽകുന്നുണ്ട്. മഹാരാഷ്ട്രയിലെ ബിസിനസ് സ്ഥാപനങ്ങളെ ഉത്തർപ്രദേശിലേക്കു കൊണ്ടുപോകുന്നതിനു പകരം ഉത്തർപ്രദേശിൽ പുതിയ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ ശ്രമിക്കണം. വ്യവസായ സ്ഥാപനങ്ങൾ ആധുനികതയുടെ അടയാളങ്ങൾ ആയതിനാൽ യുപി മുഖ്യമന്ത്രി അൽപം മോഡേണായി വസ്ത്രം ധരിക്കണം’’–ദൽവൈ പറഞ്ഞു.
ലക്നൗവിൽ അടുത്ത മാസം ആഗോള നിക്ഷേപക സംഗമം നടത്തുന്നതിന് മുന്നോടിയായി മുംൈബയിലെ പ്രാദേശിക നിക്ഷേപകരെ കാണുന്നതിനായാണു യോഗി മുംബൈയിലെത്തുന്നത്. ഉത്തർപ്രദേശിനെ 1 ട്രില്യൺ ഡോളർ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനു മുന്നോടിയായി രാജ്യാന്തര തലത്തിൽനിന്നുൾപ്പെടെ നിക്ഷേപം ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായി 16 രാജ്യങ്ങളിലെ 21 നഗരങ്ങളിൽ ഉത്തർപ്രദേശിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. 7.12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നേടാനായെന്ന് അധികൃതർ അറിയിച്ചു. സമാന രീതിയിൽ ഇന്ത്യയിലെ 9 നഗരങ്ങളിലാണ് ഉത്തർപ്രദേശിലെ പ്രതിനിധികൾ സന്ദർശനം നടത്തുന്നത്.

