സ്കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിനായി കണ്ണൂരും കോഴിക്കോടും പാലക്കാടും, ഇന്ന് നിര്‍ണ്ണായകം

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിനായി കണ്ണൂരും കോഴിക്കോടും പാലക്കാടും.808 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ കണ്ണൂരിന് 802 പോയിന്റാണ്.പാലക്കാട് 735 പോയിന്റുമായി മൂന്നാമതാണ്. അപ്പീലുകളുമായി എത്തിയ 78 മത്സരങ്ങളുടെ ഫലം തടഞ്ഞു വച്ചിരിക്കുകയാണ്.ചാംപ്യന്‍ പട്ടത്തിനായുള്ള സ്കൂളുകളുടെ പോരാട്ടത്തില്‍ തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിനെ പിന്തള്ളി ആലത്തൂര്‍ ഗുരുകുലം സ്കൂള്‍ കുതിപ്പ് തുടരുകയാണ്.
അവസാന ലാപ്പില്‍ മത്സരങ്ങള്‍ക്ക് വീറും വാശിയുമേറി. തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാം ദിനത്തില്‍ കാലിടറി.തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിന്റ കുതിപ്പിന് ആക്കം കൂട്ടിയത് നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ്.
കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ ചാംപ്യന്‍സ് സ്കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ ചാംപ്യന്മാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്നിലെത്തി.

