കരുനാഗപ്പള്ളി ലഹരിക്കടത്ത്;
കമ്യൂണിസ്റ്റുകാരൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്; ഷാനവാസ് തെറ്റുചെയ്തെങ്കിൽ നടപടി

ആലപ്പുഴ∙ കരുനാഗപ്പള്ളി ലഹരിക്കടത്തിൽ വിശദീകരണവുമായി ആലപ്പുഴ സിപിഎം ജില്ലാ നേതൃത്വം. ഷാനവാസ് തെറ്റുചെയ്തിട്ടുണ്ടെങ്കിൽ സംഘടനാ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. ലഹരിക്കടത്തിൽ ഷാനവാസിന് പങ്കുണ്ടോയെന്ന് പാർട്ടി പരിശോധിക്കുകയാണ്. ഒരു കമ്യൂണിസ്റ്റുകാരൻ ഒരിക്കലും ഇത് ചെയ്യാൻ പാടില്ലെന്ന് നാസർ പറഞ്ഞു.
ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റിയംഗവുമായ എ.ഷാനവാസ്. ആലപ്പുഴയിലെ ജന്മദിനാഘോഷത്തില്‍ ലഹരിക്കടത്ത് പ്രതി ഇജാസിനൊപ്പം നിൽക്കുന്ന ഷാനവാസിന്റെ പടം പുറത്തായത് ഏറെ വിവാദമായി. ലഹരികടത്ത് കേസിലെ പ്രതികളെ അറിയില്ലെന്ന ഷാനവാസിന്റെ വാദം ഇതോടെ പൊളിയുകയായിരുന്നു. ലഹരിക്കടത്തിന് പിടിയിലാകുന്നതിന് നാലുദിവസം മുന്‍പായിരുന്നു ആഘോഷം.

ഞായറാഴ്ചയാണ് ലോറിയിൽ കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കരുനാഗപ്പള്ളിയിൽ പിടികൂടിയത്. 1,27,410 പാക്കറ്റ് ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്. ലോറികളിൽ സവാള ചാക്കുകൾക്കിടയിൽ വിവിധ പെട്ടികളിലും ചാക്കുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ലോറി ഷാനവാസിന്റേ പേരിലുള്ളതാണ്. ജനുവരി 6 നു കട്ടപ്പന സ്വദേശി പി.എസ്.ജയന് ലോറി വാടകയ്ക്ക് നൽകിയതാണെന്നാണ് ഷാനവാസിന്റെ വിശദീകരണം. ഷാനവാസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്ക് പൊലീസ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.

