തെറ്റ് അംഗീകരിക്കുന്നു, പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും’; 30 ലക്ഷം രൂപ പിഴ ചുമത്തിയ ഡിജിസിഎ നടപടിയില്‍ പ്രതികരണവുമായി എയര്‍ ഇന്ത്യ

ന്യൂഡെൽഹി: യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികൻ മൂത്രമൊഴിച്ച ആരോപണത്തിൽ 30 ല?ക്ഷം രൂപ പിഴ ചുമത്തിയ ഡിജിസിഎ നടപടിയിൽ പ്രതികരണവുമായി എയർ ഇന്ത്യ. തങ്ങളുടെ വീഴ്ചകൾ അംഗീകരിക്കുന്നുവെന്നും അവ പരിഹരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. അനിയന്ത്രിതമായ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള നയങ്ങളും ജീവനക്കാരുടെ അവബോധവും അവലോകനം ചെയ്യുകയാണെന്ന് കമ്പനി കൂട്ടിച്ചേർത്തു.വ്യോമയാന നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയത്. കൂടാതെ വിവാദ സംഭവം നടന്ന കഴിഞ്ഞ വർഷം നവംബർ 26 ന് ന്യൂയോർക്കിൽ നിന്നും ന്യൂഡൽഹിയിലേക്ക് വന്ന വിമാനത്തിന്റെ പൈലറ്റ് ഇൻ കമാന്റിനെ സസ്പെന്റ് ചെയ്തിട്ടുമുണ്ട്. വിമാന സർവീസുകളുടെ ഡയറക്ടർ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. സംഭവത്തിൽ എയർ ഇന്ത്യയോട് വിശദീകരണം ചോദിച്ചതിന് ശേഷമാണ് ഡിജിസിഎയുടെ നടപടി.
അന്താരാഷ്ട്ര വിമാനത്തിൽ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച ആരോപണത്തിൽ കുറ്റാരോപിതനായ ശങ്കർ മിശ്രക്ക് എയർ ഇന്ത്യ നാല് മാസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി തൊട്ടടുത്ത ദിവസമാണ് ഡിജിസിഎയിൽ നിന്ന് ഈ നടപടികൾ ഉണ്ടായത്. നേരത്തെ മിശ്രക്ക് 30 ദിവസത്തെ വിലക്കേർപ്പെടുത്തിയിരുന്നു. അതാണ് ഇപ്പോൾ നാല് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

