KSDLIVENEWS

Real news for everyone

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ്: മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

SHARE THIS ON

ന്യൂഡൽഹി∙ ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ടുള്ള ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഫെബ്രുവരി 27ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി. വധശ്രമക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തി വിചാരണക്കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് എൻസിപി നേതാവായ മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വത്തിൽ അയോഗ്യത കൽപിച്ചത്.
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനെ വിചാരണക്കോടതി കുറ്റക്കാരനായി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു. മുഹമ്മദ് ഫൈസൽ നൽകിയ അപ്പീലിൽ തീർപ്പുണ്ടാകുന്നതു വരെയാണു നടപടി. എന്നാൽ കുറ്റക്കാരായി കണ്ടെത്തിയതു സസ്പെൻഡ് ചെയ്തിട്ടില്ല. ഹൈക്കോടതി വിധിയെത്തുടർന്നു മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു മോചിതനായി. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾക്ക് 10 വർഷം തടവ് ഉൾപ്പെടെയാണു കവരത്തി സെഷൻസ് കോടതി വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍.


മുഹമ്മദ് ഫൈസലിന്റെ കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു നടത്തുന്നത് ഭീമമായ ചെലവിന് വഴിയൊരുക്കുമെന്നും ജയിക്കുന്നയാൾക്ക് ഒന്നര വർഷത്തിൽ താഴെ മാത്രമേ കാലയളവുണ്ടാകൂ എന്നും വിലയിരുത്തിയാണ് കുറ്റക്കാരനായി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും സസ്പെൻഡ് ചെയ്തത്. വിചാരണക്കോടതി മുഹമ്മദ് ഫൈസലിലെ കുറ്റക്കാരനായി കണ്ടെത്തിയത് അപ്പീൽ കോടതി സസ്പെൻഡ് ചെയ്താൽ അയോഗ്യത ഇല്ലാതാകുമെന്നു കോടതി വ്യക്തമാക്കി. മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്തില്ലെങ്കിൽ പ്രതി മാത്രമല്ല, രാജ്യവും നേരിടേണ്ടത് വലിയ അനന്തരഫലമാണെന്നു കോടതി പറഞ്ഞു. വിചാരണക്കോടതിയുടെ നടപടി സസ്പെൻഡ് ചെയ്തില്ലെങ്കിൽ മുഹമ്മദ് ഫൈസലിന് ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യതയുണ്ടാകും. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!