തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പം; മരണം 100 ലേറെ കവിഞ്ഞു നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ഈസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ ഇരുരാജ്യങ്ങളിലുമായി 100ലേറെ പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുരാജ്യങ്ങളിലും വലിയ നാശനഷ്ടവും സംഭവിച്ചതായാണ് വിവരം. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. തുര്‍ക്കിയില്‍ 76 പേരും സിറിയയില്‍ 50ലേറെ പേരും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള പത്തോളം നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നാശനഷ്ടമുണ്ടായ സ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂചലനമുണ്ടായത്. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്ത മേഖലകളിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടണെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗര്‍ ട്വീറ്റ് ചെയ്തു.





