KSDLIVENEWS

Real news for everyone

5100 കടന്ന് മരണം; ഭൂകമ്ബബാധിത പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ തുര്‍ക്കി

SHARE THIS ON

അങ്കാറ: തുര്‍‌ക്കിയില്‍ ഭൂകമ്ബ പരമ്ബരകളുടെ പശ്ചാത്തലത്തില്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭൂകമ്ബം നാശം വിതച്ച പത്ത് പ്രവിശ്യകളിലാണ് മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ‘രക്ഷാപ്രവര്‍ത്തന- വീണ്ടെടുക്കല്‍ ജോലികള്‍ വേഗത്തില്‍ നടപ്പിലാക്കാനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു’- ഉര്‍ദുഗാന്‍ പറഞ്ഞു.

‘ഭൂകമ്ബം ബാധിച്ച 10 പ്രവിശ്യകളിലാണ് മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ. തീരുമാനവുമായി ബന്ധപ്പെട്ട പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും’- ഉര്‍ദുഗാന്‍ പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയും സാമ്ബത്തിക സഹായം ഉപയോഗിച്ചും ദുരിതബാധിത പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദുരന്തബാധിത പ്രവിശ്യകളില്‍ സഹായത്തിനായി 50,000 പേരെ നിയോഗിക്കുകയും 100 ബില്യണ്‍ ലിറ (5.3 ബില്യണ്‍ ഡോളര്‍) അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി, തെക്കന്‍ നഗരമായ സാന്‍ലിഉര്‍ഫയില്‍ നിന്ന് ആളുകള്‍ എത്രയും വേഗം ഒഴിഞ്ഞുപോവണമെന്ന് തുര്‍ക്കി ഭരണകൂടം നിര്‍ദേശിച്ചു.

‘എല്ലാവരേയും ഇവിടെ നിന്ന് പുറത്തേക്ക് മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുറത്തുകടക്കാനായി പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ടിക്കറ്റുകള്‍ ലഭ്യമാണെ’ന്നും അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, സിറിയയ്‌ക്ക് സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്തെ കടുത്ത ശൈത്യകാല കൊടുങ്കാറ്റ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഇതു മൂലം ചില റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതാവുകയും ഭക്ഷണമുള്‍പ്പെടെയുള്ളവയുടെ വിതരണം മന്ദഗതിയിലാവുകയും ചെയ്തു.

അതേസമയം, തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 5100 കടന്നു. 3500ഓളം പേര്‍ തുര്‍ക്കിയിലും 1600ലേറെ പേര്‍ വടക്കന്‍ സിറിയയിലുമാണ് മരിച്ചത്. പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നിലംപൊത്തുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാത്രി രാജ്യം ഉറങ്ങിക്കിടക്കവെയാണ് ലോകത്തെ തന്നെ നടുക്കി തുര്‍ക്കിയില്‍ റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ വന്‍ ഭൂചലനം ഉണ്ടായത്. ഭൂകമ്ബ ബാധിത പ്രദേശങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന തുര്‍ക്കിക്ക് സഹായവാഗ്ദാനവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!