KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി മോദിയുടെ എം.എ.: വിവരം ചോദിക്കുന്നത് ബാലിശമെന്ന് സർവകലാശാല

SHARE THIS ON

“അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എം.എ. സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട എ.എ.പി. നേതാവ് അരവിന്ദ് കെജ്‍രിവാളിന്റെ നടപടി ബാലിശമാണെന്ന് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ വാദിച്ചു. ഒരു വിദ്യാർഥിയുടെയും ബിരുദവിവരങ്ങൾ വിവരാവകാശനിയമത്തിന്റെ പരിധിയിൽവരില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടു. മോദിയുടെ എം.എ. സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ നൽകാനുള്ള കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെതിരേ ഗുജറാത്ത് സർവകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് 2016 ജൂലായിൽ ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിന്റെ വാദമാണ് വ്യാഴാഴ്ച പൂർത്തിയായത്. സർവകലാശാലയ്ക്കായി ഹാജരായ തുഷാർ മേത്ത ഒരാളുടെ കൗതുകം പൊതുതാത്പര്യമല്ലെന്ന് വാദിച്ചു. “ആരോടെങ്കിലുമുള്ള കണക്കുതീർക്കാൻ വേണ്ടിയാവരുത് വിവരാവകാശം. പൊതുജീവിതത്തെ ബാധിക്കുന്നതല്ലെങ്കിൽ സ്വകാര്യവിവരം വെളിപ്പെടുത്തേണ്ടതില്ല. ഒരാൾ എന്താണ് രാവിലെ കഴിച്ചത് എന്നത് സ്വകാര്യമാണ്. അതിന് പൊതുപണം ചെലവാക്കിയാൽ അക്കാര്യം പറയാമെന്നേയുള്ളൂ. മോദിയുടെ ബിരുദവിവരങ്ങൾ നേരത്തേ പരസ്യപ്പെടുത്തിയിട്ടുള്ളതുമാണ്.” -സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനിൽ വിദ്യാഭ്യാസവിവരങ്ങൾ നൽകേണ്ടതിനാൽ വിഷയം പൊതുസ്വഭാവമുള്ളതാണെന്ന് കെജ്‍രിവാളിനുവേണ്ടി ഹാജരായ അഡ്വ. പെഴ്‌സി കാവിന പറഞ്ഞു. മാത്രമല്ല, വിവരാവകാശ കമ്മിഷനും കെജ്‍രിവാളും തമ്മിലുള്ള ഇടപാടിൽ സർവകലാശാല കോടതിയെ സമീപിക്കേണ്ടതുമില്ല. 2016 ഏപ്രിലിലാണ് കെജ്‍രിവാൾ നരേന്ദ്രമോദിയുടെ ബിരുദവിവരങ്ങൾ വെളിപ്പെടുത്താൻ കേന്ദ്ര വിവരാവകാശ കമ്മിഷന് അപേക്ഷ നൽകിയത്. മോദി ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയതിന്റെ സർട്ടിഫിക്കറ്റുകൾ പിന്നാലെ ബി.ജെ.പി. പുറത്തുവിട്ടു. എന്നാൽ, ഇവ വ്യാജമാണെന്ന് എ.എ.പി. കുറ്റപ്പെടുത്തിയിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!