ദേശീയപാതാ വികസനം: മഴ പെയ്തുതുടങ്ങിയതോടെ ചെർക്കളയിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്; പ്രശ്നം ചെറുതല്ല

ചെർക്കള: മഴപെയ്തുതുടങ്ങിയതോടെ ചെർക്കളയിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. നാല് വർഷമായിട്ടും ദേശീയപാതാനിർമാണ പ്രവൃത്തി ചെർക്കളയിൽ പൂർത്തിയാകാത്തതാണ് ജനങ്ങളുടെ ദുരിതത്തിനിടയാക്കുന്നത്. അന്തസ്സംസ്ഥാന പാതകൾ സംഗമിക്കുന്ന ജില്ലയിലെ പ്രധാന ജങ്‌ഷ്‌നുകളിലൊന്നാണ് ചെർക്കള. പണി തുടങ്ങിയ ആദ്യവർഷംതന്നെ ചെർക്കള ടൗണിൽ ചെളിവെള്ളം കെട്ടിനിന്ന് യാത്രക്കാർക്കും വ്യാപാരികൾക്കും നാട്ടുകാർക്കും ഒന്നുപോലെ പ്രയാസമുണ്ടാക്കിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധം കനത്തതിനെ തുടർന്ന് ജില്ലാ ഭരണകൂടം നിർമാണ കമ്പനിക്ക് നൽകിയ അടിയന്തിര നിർദേശങ്ങൾ അവഗണിച്ചതാണ് തുടർന്നുള്ള വർഷങ്ങളിലും പ്രയാസത്തിന് ഇടയാക്കിയത്. അടുത്ത ആഴ്ച സ്കൂളുകൾ തുറക്കുന്നതോടെ ചെർക്കള ടൗണിലെത്തുന്നവരുടെ എണ്ണത്തിലും വലിയവർധനയുണ്ടാകും.
മഴക്കാലത്തിന് മുമ്പ് ചെർക്കളയിലെ നിർമാണം പൂർത്തിയാക്കുമെന്ന് പലതവണ നിർമാണ കമ്പനി ഉറപ്പുനൽകിയിരുന്നെങ്കിലും പലതും നടപ്പായിട്ടിലെന്നാണ് കർമ്മസമിതി ഭാരവാഹികൾ പറയുന്നത്. ചെർക്കള ടൗണിൽ മേൽപ്പാലം കടന്നുപോകുന്നതിന് താഴെയുള്ള 300 മീറ്ററോളം ഭാഗത്തെ സർവീസ് റോഡുകളും നടപ്പാതയും ഓവുചാൽ നിർമാണവും മാർച്ച് 31-ന് മുമ്പ് പൂർത്തിയാക്കുമെന്നായിരുന്നു ജനുവരി മാസത്തിന്റെ തുടക്കത്തിൽ കളക്ടറുടെയും എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും സാനിധ്യത്തിൽ നിർമാണ കമ്പനി പറഞ്ഞിരുന്നത്. കർമ്മസമിതിയുടെ ശക്തമായ ഇടപെടലുകളെ തുടർന്ന് ഫെബ്രുവരി മാസത്തിൽ നിർമാണത്തിൽ വേഗത കൈവന്നിരുന്നെങ്കിലും പിന്നീട് പഴയപടി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ചെർക്കള ടൗണിലൂടെ വേനലിൽ പൊടിതിന്നും മഴക്കാലങ്ങളിൽ ചെളിയിൽ കുളിച്ചുമാണ് കാൽനടയാത്രക്കാർ കടന്നുപോകുന്നത്.
മേൽപ്പാലം കടന്നുപോകുന്നതിന് സമീപപ്രദേശത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും ഏറെ പ്രയാസപ്പെടുകയാണ്. ശക്തമായ ഒരു മഴയിൽ തന്നെ പാടി റോഡിൽ വലിയ രീതിയിൽ ചെളിവെള്ളം കെട്ടി നിൽക്കാനിടയുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ടായാൽ വ്യാപാരികളുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധം ഉൾപ്പെടെ ശക്തമായ സമരം നടത്തുന്നതിനും നീക്കമുണ്ട്.
ചെർക്കള ടൗണിലെ വെള്ളക്കെട്ടിനിടയാക്കുന്ന ഓവുചാലിന്റെ നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. പ്രത്യക്ഷസമരങ്ങൾ നാട്ടുകാരും വ്യാപാരികളും തുടരെ നടത്തിയിട്ടും നിർമാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
കർമ്മസമിതിയുടെയും വ്യാപാരികളുടെയും ഇടപെടലുകളെ തുടർന്ന് കളക്ടറും എം.പി.യും എം.എൽ.എ.യും ഉൾപ്പെടെയുള്ള ജന പ്രതിനിധികളും സ്ഥലം സന്ദർശിച്ച് നിർമാണ കമ്പനിക്ക് നിർദ്ദേശം പലതും നടപ്പായിട്ടില്ല. ഗതാഗതത്തിന് തുറന്നുകൊടുത്ത മേൽപ്പാലം തന്നെ അടുത്തകാലത്തായി വീണ്ടും അടച്ചിട്ടതോടെ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.
അന്തസ്സംസ്ഥാനപാതയിൽനിന്ന് ദേശീയപാതയിലേക്കുള്ള മേൽപ്പാലത്തിന്റെ നിർമാണവും പാതിവഴിയിലാണ്. നിർമാണത്തിലെ അശാസ്ത്രീയതയും പ്രവൃത്തി പൂർത്തീകരിക്കുന്നതിലെ കാര്യക്ഷമതയില്ലായ്മയും അശ്രദ്ധയും കാരണം നിരവധി അപകടങ്ങളും ചെർക്കള ടൗണിലും പരിസരത്തുമുണ്ടായിട്ടുണ്ട്.
നിർമാണ കമ്പനിയുടെ അനാസ്ഥയ്ക്കെതിരേ കർമസമിതിയുടെ നേതൃത്വത്തിൽ നിരവധിതവണ ബന്ധപ്പെട്ടവരെ കണ്ട് പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.

