ചിന്താ ജെറോമിനെതിരായ കെ സുരേന്ദ്രന്റെ ‘ചൂല്’ പ്രസ്താവന; ഇത്ര സംസ്കാര ശൂന്യമായി സംസാരിക്കാമോ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചിന്താ ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കെ സുരേന്ദ്രന്റെ പ്രസ്താവന സംസ്കാരശൂന്യമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഇത്ര സംസ്കാരശൂന്യമായി സംസാരിക്കാമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അതേസമയം മറ്റു സിപിഎം നേതാക്കളും വിഷയത്തില്‍ കെ സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും മ്ലേച്ഛവും ആണെന്ന് പി.കെ. ശ്രീമതി പറഞ്ഞു. സംസ്കാര സമ്ബന്നരായ മലയാളികള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനി ഒരാള്‍ക്കെതിരെയും ഇത്തരം വാക്ക് ഉപയോഗിക്കാന്‍ സുരേന്ദ്രന് മുതിരരുതെന്നും ശ്രീമതി പറഞ്ഞു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് സംസ്കാരശൂന്യമായ വാക്കുകള്‍ കൊണ്ട് ചെറുപ്പക്കാരിയെ അവഹേളിക്കുന്നതെന്ന് ശ്രീമതി കുറ്റപ്പെടുത്തി. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ സുരേന്ദ്രന്റെ പരാമര്‍ശത്തെ കുറിച്ച് ബി.ജെ.പി ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. ചിന്താ ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണമെന്നായിരുന്നു കെ, സുരേന്ദ്രന് പറഞ്ഞത്. എന്ത് പണിയാണ് അവര്‍ ചെയ്യുന്നതെന്നും കമ്മിഷന് അടിക്കല്‍ മാത്രമാണ് ജോലിയെന്നും ആരോപിച്ചു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ അധിക്ഷേപം, സുരേന്ദ്രന് അതേ നാണയത്തില്‍ മറുപടി പറയാന്‍ സംസ്കാരം അനുവദിക്കില്ലെന്നായിരുന്നു ചിന്താ ജെറോമിന്റെ പ്രതികരണം,

