KSDLIVENEWS

Real news for everyone

‘മുസ്‍ലിംകളെ വിലക്കി ഇനി ബോര്‍ഡ് വേണ്ട’; ഇടപെടലുമായി ക്ഷേത്ര കമ്മിറ്റി

SHARE THIS ON

കണ്ണൂര്‍: ഉത്സവകാലങ്ങളില്‍ മുസ്‌ലിം മതസ്ഥരെ വിലക്കി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചുവന്നിരുന്നതില്‍ ഒടുവില്‍ ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടല്‍. ബോര്‍ഡ് സ്ഥാപിക്കുന്നത് ക്ഷേത്ര കമ്മിറ്റി വിലക്കി. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് കാവില്‍ ഉത്സവപ്പറമ്ബില്‍ സ്ഥാപിച്ചുവരാറുള്ള വിവാദ ബോര്‍ഡാണ് ക്ഷേത്ര കമ്മിറ്റി വിലക്കിയത്. കാലങ്ങളായി ഇവിടെ ക്ഷേത്രോത്സവ സമയത്ത് ‘മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് സ്ഥാപിച്ചുവന്നിരുന്നു. ബോര്‍ഡിനെതിരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു. ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരസ്യപ്രതിഷേധം അടക്കം സംഘടിപ്പിച്ചു. എന്നാല്‍, സംഘാടകര്‍ ഇതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സി.പി.എമ്മിന് നിര്‍ണായകസ്വാധീനമുള്ള മേഖലയില്‍ പാര്‍ട്ടി നേതൃത്വം മൗനംപാലിച്ചതും വലിയ ചര്‍ച്ചയായി. ഈ വര്‍ഷം മുതല്‍ വിവാദ ബോര്‍ഡ് വേണ്ടെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. തിങ്കളാഴ്ച സംക്രമ അടിയന്തരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംക്രമ പൂജയ്ക്കുശേഷം നടയില്‍ ഒത്തുചേര്‍ന്ന വാല്യക്കാരുടെ മുന്‍പാകെ ക്ഷേത്രം കര്‍മി ഷിജു മല്ലിയോടനാണ് തീരുമാനം അറിയിച്ചത്. ഇത് വാല്യക്കാര്‍ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്കു വന്നെങ്കിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയില്‍ കലാശിച്ചതോടെ തീരുമാനം വാല്യക്കാരുടെ കമ്മിറ്റിക്ക് വിടുകയായിരുന്നു. വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്കായിരുന്നു നേരത്തെ മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ‘ഉത്സവകാലങ്ങളില്‍ മുസ്‍ലിംകള്‍ക്ക് ക്ഷേത്രപ്പറമ്ബില്‍ പ്രവേശനമില്ല’ എന്നാണ് ബോര്‍ഡിലുണ്ടായിരുന്നത്. ക്ഷേത്രത്തിലെ ആരാധനാ കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. സംഭവം ഏറെ വിവാദമായതോടെ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. Summary: Sree Malliyottu Palottu Kavu Committee at Payyannur, Kannur, has blocked the installation of the controversial board, banning Muslims to enter the temple compound in the festival season

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!