സ്ത്രീധന പീഡനത്തിനിരയായ യുവതിയും മകളും നാലുദിവസമായി കഴിയുന്നത് ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത്

പലക്കാട്: സ്ത്രീധന പീഡനത്തിനിരയായ യുവതിയും മകളും നാലുദിവസമായി കഴിയുന്നത് ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത്. കോടതിയുടെ ഗാര്‍ഹിക സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും പാലക്കാട് പെരിങ്ങോട്ടുകര സ്വദേശിനി ഷെറീനയും മകളും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലംകോട് പൊലീസ് ഭര്‍ത്താവ് അമാനുള്ളക്കെതിരെ കേസെടുത്തു. 2008 ഓഗസ്റ്റില്‍ വിവാഹിതയായ ഷെറീനക്ക് ഭര്‍തൃവീട്ടില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് കൊടിയ സ്ത്രീധന പീഡനമാണ്. പീഡനം അറുതിയില്ലാതെ തുടര്‍ന്നതിനാല്‍ ഷെറീന തൃശ്ശൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. സ്ത്രീധന പീഡനത്തിന് പരിഹാരം കാണണമെന്നും സ്ത്രീധനമായി നല്കിയ 51 പവനും ഒരുലക്ഷം രൂപയും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂര്‍ അയ്യന്തോള്‍ കുടുംബകോടതിയില്‍ കേസും നല്കി. കേസ് ആറു വര്‍ഷമായി തുടരുന്നുണ്ടെങ്കിലും ഭര്‍ത്താവ് അമാനുള്ള കോടതിയില്‍ ഹാജറായിട്ടില്ല. ഇതു കാരണം പരിഹാരം വൈകുന്നതിനാല്‍ ഷെറീന ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചു പുറത്താക്കിയതായി ഷെറീന പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷെറീനയെയും മകളെയും മുറ്റത്താക്കി വീടിന്റെ വാതിലും ഗേറ്റും അടച്ചുപൂട്ടി ഭര്‍തൃവീട്ടുകാര്‍ പോയത്. നാലുദിവസമായി വീടിന്റെ മുറ്റത്താണ് ഇവര്‍ കഴിയുന്നത്. ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ ഇടപെട്ട് കുട്ടിയേയും മാതാവിനെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും പുറത്തിറങ്ങാന്‍ ഷെറീന തയ്യാറാകുന്നില്ലെന്ന് കൊല്ലംകോട് പോലീസ് പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പൂട്ടിയിട്ട വീടിന് പുറത്തു കഴിയാനാണ് ഷെറീനയുടെ തീരുമാനം.

