ലൈഫ് മിഷന്‍: 4.5 കോടി കമ്മിഷനെന്ന് ഇഡി; സ്വപ്ന-ശിവശങ്കര്‍ ചാറ്റും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍

കൊച്ചി∙ ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴ ഇടപാടില്‍ 4.5 കോടി രൂപ കമ്മിഷനെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിമാന്‍ഡ് റിപ്പോര്‍ട്ട്. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന് നിര്‍മാണക്കരാര്‍ നല്‍കാന്‍ മുന്‍കൈ എടുത്തത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ ആണെന്നും റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു. ചോദ്യം ചെയ്യലില്‍ തെറ്റായ വിവരം നല്‍കാന്‍ ശിവശങ്കര്‍ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. ശിവശങ്കറും കേസിലെ പ്രതിയായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ് ചാറ്റും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കോഴപ്പണം എത്തിയതിന്റെ തലേന്ന് നടത്തിയ വാട്സാപ് ചാറ്റാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘‘എന്തെങ്കിലും പിഴവുവന്നാല്‍ എല്ലാം അവര്‍ നിന്റെ തലയിലിടുമെന്ന്’’ സ്വപ്നയോടു ശിവശങ്കര്‍ പറയുന്നുണ്ട്. സ്വപ്നയ്ക്കു ജോലി നല്‍കണമെന്നു മുഖ്യമന്ത്രി തന്നോടു പറഞ്ഞെന്നും ശിവശങ്കര്‍ ചാറ്റിൽ പറയുന്നു. അതേസമയം, കേസിൽ അറസ്റ്റിലായ ശിവശങ്കറെ കോടതി അഞ്ചു ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച രാത്രി 11.45നാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ച പദ്ധതിയിൽ കോടികളുടെ കോഴ ഇടപാട് നടന്നെന്നാണ് കേസ്

