രാജ്യം തിളച്ച്മറിയണോ ; ചരിത്രപ്രാധാന്യമുള്ള, സ്മാരകങ്ങളുള്ള സ്ഥലങ്ങളുടെ പേരുമാറ്റണമെന്ന BJP നേതാവിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ‘കടന്നുകയറ്റക്കാരുടെ’ പേരുള്ള എല്ലാ നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചരിത്രപരമായും മതപരമായും സാസ്‌കാരികമായും പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാര്‍ഥ പേരുകള്‍ എന്തായിരുന്നുവെന്ന് കണ്ടെത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്നും ഉപാധ്യായ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊതുതാത്പര്യ ഹര്‍ജിയുടെ ഉദ്ദേശശുദ്ധിയില്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് സംശയമുന്നയിച്ചു. ഇത്തരം ഹര്‍ജികള്‍ രാജ്യത്തെ തിളപ്പിച്ചുനിര്‍ത്താന്‍ ഇടയാക്കുംവിധം പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുമെന്ന് ബഞ്ച് വിലയിരുത്തി. രാജ്യത്തിന്റെ ചരിത്രം ജനങ്ങളെയും വരും തലമുറയേയും വേട്ടയാടാന്‍ പാടില്ല. ഹിന്ദുമതം ഒരു ജീവിതരീതിയാണ്. മതാന്ധതയ്ക്ക് അതില്‍ സ്ഥാനമില്ല. സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന വസ്തുതകള്‍ ചരിത്രം ചികഞ്ഞ് കണ്ടെത്തേണ്ടതില്ല. രാജ്യം തിളയ്ക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല’ – സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് അടുത്തിടെ അമൃത് ഉദ്യാന്‍ എന്നാക്കിമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ റോഡുകള്‍ അടക്കമുള്ളവയുടെ പേരുമാറ്റാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ ബിജെപി നേതാവ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

