‘അയോധ്യയില്‍ പണിയുന്ന പുതിയ പള്ളി ബാബരി മസ്ജിദിനേക്കാള്‍ വളരെ വലുത്’

ആയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് പകരം കോടതി വിധി പ്രകാരം അഞ്ച് ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളി ബാബരി മസ്ജിദിനേക്കാള്‍ വലുതായിരിക്കുമെന്ന് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്. ബാബരി മസ്ജിദ്-രാമജന്മഭൂമി വിധിയില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി മസ്ജിദ് നിര്‍മ്മിക്കുന്നതിനുള്ള അന്തിമ അനുമതി നല്‍കിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്കിയ അഞ്ച് ഏക്കര്‍ സ്ഥലത്ത് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് ട്രസ്റ്റ് (ഐ.ഐ.സി.എഫ്) ഒരു പള്ളി, ആശുപത്രി, ഗവേഷണ കേന്ദ്രം, കമ്മ്യൂണിറ്റി കിച്ചണ്‍, ലൈബ്രറി എന്നിവ നിര്‍മ്മിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അയോധ്യ ഡെവലപ്മെന്റ് അതോറിറ്റിയുടെ (എ.ഡി.എ) അനുമതിയും ഭൂവിനിയോഗം ബന്ധിച്ചും തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ രണ്ട് വര്‍ഷത്തിലേറെയായി നിര്‍മ്മാണം നീണ്ടുപോയിരിക്കുകയായിരുന്നു. ”വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ അയോധ്യയിലെ മസ്ജിദിന്റെ പദ്ധതിക്ക് ഞങ്ങള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട വകുപ്പുതല നടപടിക്രമങ്ങള്‍ക്ക് ശേഷം, മാര്‍ഗരേഖ ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് കൈമാറും” -അയോധ്യ ഡിവിഷനല്‍ കമ്മീഷണര്‍ ഗൗരവ് ദയാല്‍ പി.ടി.ഐയോട് പറഞ്ഞു. എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം ട്രസ്റ്റ് ഉടന്‍ യോഗം ചേരുമെന്നും മസ്ജിദ് നിര്‍മാണത്തിനുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കുമെന്നും ഐ.ഐ.സി.എഫ് സെക്രട്ടറി അതാര് ഹുസൈന് പറഞ്ഞു. ”ഞങ്ങള്‍ 2021 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന ദിവസം പള്ളിയുടെ അടിത്തറ പാകി. ധന്നിപ്പൂരില്‍ പണിയുന്ന പള്ളി ബാബാരി മസ്ജിദിനേക്കാള്‍ വലുതായിരിക്കും. അയോധ്യയില്‍ ഉണ്ടായിരുന്ന പള്ളിയുടെ രൂപസാദൃശ്യമായിരിക്കില്ല പുതിയ പള്ളിക്ക്” -അതാര് ഹുസൈന് പറഞ്ഞു.

