‘ബ്രഹ്മപുരം കരാർ കമ്പനി ഇടപാടിൽ ശിവശങ്കറിന് പങ്ക്; മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ട്’

ബെംഗളൂരു∙ ബ്രഹ്മപുരം തീപിടിത്തത്തിലും ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കരാർ കമ്പനിയുമായുള്ള ഇടപാടിൽ എം. ശിവശങ്കറിനു പങ്കുണ്ട്. മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിലെ പ്രസക്തഭാഗങ്ങൾ ‘‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാർ കമ്പനിക്കു നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി, ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നൽകണമെന്നു മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയിൽ ഈ വിഷയത്തിൽ താങ്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കർ) ആശുപത്രിയിൽ ആയതുകൊണ്ടാകാം. ഞാൻ എന്തിനാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയിൽ താമസിച്ചു, നിങ്ങൾ കാരണം ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.’’– സ്വപ്ന സുരേഷ് പറഞ്ഞു

