ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം; സ്വീഡിഷ് പൗരൻ അറസ്റ്റിൽ

മുംബൈ: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേര്‍ക്ക് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 63-കാരനായ യാത്രക്കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സ്വീഡിഷ് പൗരനായ കെ. എറിക് ഹരാള്‍ഡ് ജോനാസ് വെസ്റ്റ്ബര്ഗാണ് അറസ്റ്റിലായത്. ബാങ്കോക്കില്‍നിന്ന് മുംബൈയിലേക്ക് വന്ന വിമാനത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെയാണ് 24-കാരിയായ എയര്‍ ഹോസ്റ്റസിനോട് വെസ്റ്റ്ബര്‍ഗ് മോശമായി പെരുമാറിയത്. വെസ്റ്റ്ബര്‍ഗ് വാങ്ങിയ ചിക്കന്‍ വിഭവത്തിന്റെ ബില്‍ അടയ്ക്കാന്‍ പി.ഒ.എസ്. മെഷീനുമായി എത്തിയപ്പോള്‍, കാര്‍ഡ് സ്വൈപ് ചെയ്യാനെന്ന വ്യാജേന എയര്‍ഹോസ്റ്റസിന്റെ കയ്യില്‍ അനുചിതമായ രീതിയില്‍ പിടിച്ചുവെന്നാണ് പരാതി. യുവതി ഇതിനെതിരേ പ്രതികരിച്ചപ്പോള്‍ വെസ്റ്റ്ബര്‍ഗ് സീറ്റില്‍നിന്ന് എഴുന്നേല്ക്കുകയും മറ്റ് യാത്രക്കാരുടെ മുന്നില്‍വെച്ച് തന്നോട് അതിക്രമം കാണിച്ചെന്നും എയര്‍ഹോസ്റ്റസ് പരാതിയില്‍ പറയുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ സഹയാത്രക്കാരനെ ആക്രമിച്ചെന്നും വിമാനത്തിനുള്ളില്‍ ഒച്ചപ്പാടുണ്ടാക്കിയെന്നും പരാതിയിലുണ്ട്.

