KSDLIVENEWS

Real news for everyone

പ്രതിയുടെ മുഖത്ത് പൊള്ളല്‍, ആശുപത്രിയിലെത്തിയത് ചികിത്സതേടി; അവസാന നിമിഷവും രക്ഷപ്പെടാന്‍ ശ്രമം

SHARE THIS ON

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത് ആശുപത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ. പ്രതി രത്‌നഗിരിയിലെ ആശുപത്രിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ സംഘത്തെ കണ്ട് പരിഭ്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഷഹറൂഖ് സെയ്ഫിയെ കീഴ്‌പ്പെടുത്തിയാണ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയെ സംബന്ധിച്ച മഹാരാഷ്ട്ര പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം രത്‌നഗിരിയിലേക്ക് തിരിച്ചിട്ടുണ്ട്. കേരളത്തില്‍ നടന്ന ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി രത്‌നഗിരിയിലേക്ക് കടന്നിട്ടുണ്ടെന്ന് സംബന്ധിച്ച കേന്ദ്ര രഹസ്യാന്വേഷ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മഹാരാഷ്ട്ര എടിഎസിന്റെ ദ്രുതഗതിയിലുള്ള നീക്കം. പ്രാഥമിക അന്വേഷണത്തില്‍നിന്ന് പ്രതിയെന്ന് കരുതുന്ന ആളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളും എടിഎസിന് കൈമാറിയിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഷഹറൂഖ് സെയ്ഫിയെ രത്‌നഗിരിയിലെ ആശുപത്രിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ട്രെയിനിലെ അക്രമത്തിനിടെ പ്രതിയുടെ മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിരുന്നു. മഹാരാഷ്ട്രയില്‍ എത്തിയ ഉടന്‍ ചികിത്സയ്ക്കായി പ്രതി ആശുപത്രിയിലേക്ക് എത്തിയതാണ് കേസില്‍ നിര്‍ണായകമായത്. പൊള്ളലേറ്റ പാടുകള്‍ പ്രതി ഇയാള്‍ തന്നെയാണെന്ന സംശയം ബലപ്പെടുത്തി. ഇതിനുപിന്നാലെയാണ് മഹാരാഷ്ട്രാ പോലീസ് കേരളാ പോലീസിനെ വിവരം അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം മഹാരാഷ്ട്രയില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ പ്രതിയെ ഇവിടേക്കെത്തിക്കുമെന്നാണ് വിവരം. പ്രതി യുപി സ്വദേശിയാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് കേരള പോലീസ് യുപിയിലെത്തി ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായത്. അക്രമണത്തിന് ശേഷം ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയത് റോഡ് മാര്‍ഗമാണോ അതോ ട്രെയിന്‍ മാര്‍ഗമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ആക്രമണത്തിനുള്ള കാരണം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങളില്‍ ചോദ്യംചെയ്യലിന് ശേഷം മാത്രമേ വ്യക്തത വരുകയുള്ളു. ട്രെയിനിലെ ആക്രമണത്തിന് പിന്നാലെ മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതിയെ മൂന്ന് ദിവസത്തിന് ശേഷമാണ് പിടികൂടാനായത്. ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!