പ്രതി ഷാരൂഖിന് കരള്‍രോഗം; എലിവിഷം കഴിച്ചതാവാനും സാധ്യത, 4 മണിക്കൂര്‍ ചോദ്യം ചെയ്തു

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് (24) ഗുരുതര കരൾരോഗം. എലിവിഷംപോലുള്ളവ അകത്തുചെന്നാലോ എലിപ്പനി ബാധിച്ചാലോ, ചിലർക്ക് കരൾവീക്കമുള്ളപ്പോളോ കാണുന്ന ലക്ഷണമാണ് പരിശോധനയിൽ തെളിഞ്ഞത്. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. നാടകീയ നീക്കങ്ങൾക്കൊടുവിൽ വ്യാഴാഴ്ച രാവിലെ ആറോടെയാണ് പോലീസ് പ്രതിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ മാലൂർകുന്ന് എ.ആർ.ക്യാമ്പിലെത്തിച്ചത്. ഏഴു മുതൽ 11 വരെ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, ഐ.ജി. നീരജ്കുമാർ ഗുപ്ത, സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു. കേസന്വേഷിക്കാനായി മലപ്പുറം ക്രൈബ്രാഞ്ച് എസ്.പി. പി. വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. എന്നാൽ, ഈ അന്വേഷണസംഘത്തെപ്പോലും ഒഴിവാക്കിയായിരുന്നു ചോദ്യംചെയ്യൽ. വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. 11.15-ഓടെ പ്രതിയെ വൈദ്യപരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്തിച്ചു. ഹൗസ് സർജന്മാരുടെ ക്വാർട്ടേഴ്സ് റോഡിലൂടെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലേക്കാണ് കൊണ്ടുവന്നത്. റേഡിയോളജി വിഭാഗത്തിൽ സി.ടി.സ്കാൻ, രക്തപരിശോധന, എക്സ്റേ തുടങ്ങിയവ ചെയ്തശേഷം ഓർത്തോ, ന്യൂറോ, മെഡിസിൻ വിഭാഗത്തിലും പരിശോധനകൾ നടത്തി. തുടർന്ന് ഫൊറൻസിക് മെഡിസിൻ വിഭാഗത്തിലെത്തിച്ച് ഡി.എൻ.എ., മുടി, രക്തം, തൊലി തുടങ്ങിയവയുടെ സാംപിൾ ശേഖരിച്ചു. പരിശോധനയിൽ കടുത്ത കരൾരോഗം കണ്ടെത്തിയതിനെ തുടർന്ന് 5.45-ഓടെ എം.ഫോർ വാർഡിലെ മുറിയിൽ പോലീസ് സുരക്ഷയോടെ പ്രവേശിപ്പിച്ചു. മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് റിമാൻഡ് രേഖപ്പെടുത്താൻ പോലീസ് ആലോചിക്കുന്നുണ്ട്. വെള്ളിയാഴ്ച 10.30 വരെയാണ് കോടതിയിൽ പ്രതിയെ ഹാജരാക്കാനുള്ള സമയപരിധി. ടയർ പഞ്ചറായി അസമയത്ത് ഒരുമണിക്കൂർ റോഡിൽ ഞായറാഴ്ച രാത്രി 9.30-ഓടെ എലത്തൂരിൽ തീവണ്ടിയിൽ തീയിട്ടശേഷം രക്ഷപ്പെട്ട പ്രതി ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് അറസ്റ്റിലായത്. രാവിലെ 11-ഓടെ പ്രതിയുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചു. സുരക്ഷ പരിഗണിച്ച് മാധ്യമപ്രവർത്തകരുടെപോലും കണ്ണുവെട്ടിച്ചു നടത്തിയ യാത്രയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ കണ്ണൂരിൽവെച്ച് ടയർ പഞ്ചറായി കാർ ഒരു മണിക്കൂറിലധികം റോഡിൽ കിടന്നു. പകരമെത്തിച്ച വാഹനവും എൻജിൻ തകരാറായി. വീണ്ടും ഒരു കാറെത്തിച്ചാണ് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു കോഴിക്കോട്ടെത്തിച്ചശേഷമുള്ള ഓരോ നീക്കവും. റാപ്പിഡ് റെസ്പോൺസ് ടീം, പ്രത്യേക പോലീസ് വിഭാഗം, ആംഡ് റിസർവ് പോലീസ് തുടങ്ങിയ സേനകളിലെ ഇരുനൂറോളം പേരെ വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്നു.

