KSDLIVENEWS

Real news for everyone

‘ഹിൻഡൻബെർഗ് റിപ്പോർട്ട് പ്രത്യേക ലക്ഷ്യത്തോടെ’: JPC അന്വേഷണം വേണ്ടെന്ന് പവാർ; പ്രതികരിച്ച് കോൺഗ്രസ്

SHARE THIS ON

ന്യൂഡൽഹി: അദാനി വിഷയത്തിൽ രാഹുൽ ഗാന്ധിയെ തള്ളി ഹിൻഡൻബെർഗിനെതിരേ വിമർശനവുമായി എൻ.സി.പി. നേതാവ് ശരദ് പവാർ. അദാനി ഗ്രൂപ്പിനെ ശക്തമായി പിന്തുണച്ചുകൊണ്ടാണ് പവാർ രംഗത്തെത്തിയത്. ഹിൻഡൻബെർഗിന്റെ റിപ്പോർട്ട് പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് അദ്ദേഹം എൻ.ഡി.ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘നേരത്തെയും ഇത്തരത്തിലുള്ള പരാമർശങ്ങൾ പല വ്യക്തികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ബഹളങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അനാവശ്യ പ്രാധാന്യമാണ് വിഷയത്തിൽ നൽകുന്നത്. എന്താണ് ഇത്തരക്കാരുടെ പശ്ചാത്തലം എന്ന കാര്യം നമുക്ക് വ്യക്തമല്ല, പ്രസ്താവനയിറക്കിയവരെക്കുറിച്ച് കേട്ടിട്ടു പോലുമില്ല. അവർ ഒരു പ്രശ്നം ഉന്നയിക്കുമ്പോൾ രാജ്യത്താകെ ബഹളം ഉണ്ടാകുകയാണ്. ഇത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു എന്ന കാര്യം നമുക്ക് അവഗണിക്കാനാകില്ല. ഇത് പ്രത്യേക ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്’, ശരദ് പവാർ പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി.) അന്വേഷണം വേണമെന്ന കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്നും പവാർ പറഞ്ഞു. സംഭവത്തിൽ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതിനായി കമ്മിറ്റിയെ നിശ്ചയിച്ചിട്ടുണ്ടെന്നും അവർ അന്വേഷിച്ച് വിവരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ജെ.പി.സി. അന്വേഷണത്തിൽ എനിക്ക് വ്യത്യസ്തമായ നിലപാടാണുള്ളത്. നിരവധി പ്രശ്നങ്ങളിൽ ജെപിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിൽ തെറ്റില്ല. എന്നാൽ, അതിന്റെ ആവശ്യമെന്താണ്. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം പാർലമെന്റ് സമിതിയെ നിയോഗിച്ചാൽ അതിന്റെ മേൽനോട്ടം ഭരണകക്ഷിക്കായിരിക്കും. അപ്പോൾ എങ്ങനെയാണ് ഭരണപക്ഷത്തിനെതിരേയുള്ള ആരോപണങ്ങളിൽ സത്യം പുറത്തുവരിക’, അദ്ദേഹം ചോദിച്ചു. അദാനി വിഷയത്തിൽ രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ ശക്തമായ ശബ്ദമുയർത്തിയിരുന്നു. അദാനി – മോദി ബന്ധം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെയൊക്കെ തള്ളിക്കൊണ്ടാണ് ഇപ്പോൾ പ്രതിപക്ഷ നിരയിലുള്ള എൻ.സി.പി. രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, അദാനി ഗ്രൂപ്പിനെതിരേ ഉയർന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടതാണെന്നും ഇത് വളരെ ഏറെ ഗുരുതരമാണെന്നും പവാറിന്റെ അഭിമുഖത്തിന് പിന്നാലെ കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി. ‘എൻ.സി.പിയ്ക്ക് അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടാകാം. എന്നാൽ ഒരേ ചിന്താഗതിക്കാരായ 19 പാർട്ടികളും അദാനി ഗ്രൂപ്പ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് വിശ്വസിക്കുന്നവരാണ്. അതേസമം, ഒരേ ചിന്താഗതിയോടെ എൻ.സി.പി. അടക്കമുള്ള 20 പ്രതിപക്ഷ പാർട്ടികൾ, ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാൻ ഒന്നിച്ചവരാണ്’, കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അയോഗ്യതക്ക് പിന്നാലെ പാര്‍ലമെന്റില്‍ ഉരുത്തിരിഞ്ഞ പ്രതിപക്ഷ ഐക്യം 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ മുതല്‍ക്കൂട്ടാക്കി മാറ്റാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളും ചര്‍ച്ചചെയ്യുന്നതിനായി സമാന ചിന്താഗതിക്കാരെ ഒന്നിച്ചിരുത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് പ്രതിപക്ഷ നിരയിലെ തന്നെ മുതിർന്ന നേതാവായ ശരദ് പവാർ അദാനിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!