KSDLIVENEWS

Real news for everyone

പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ സജീവം; രാഹുലും ഖാര്‍ഗെയുമായി പവാറിന്റെ നിര്‍ണായക കൂടിക്കാഴ്ച

SHARE THIS ON

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി എന്‍.സി.പി. നേതാവ് ശരദ് പവാര്‍. ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു കൂടിക്കാഴ്ച. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷ ഐക്യത്തിനുള്ള തന്ത്രങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കഴിഞ്ഞദിവസം രാഹുലും ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത കൊല്ലത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ കൂട്ടായ്മ രൂപവത്കരിക്കാന്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ആയിരുന്നു നിതീഷിന്റെയും തേജസ്വിയുടെയും സന്ദര്‍ശനം. ഇതിന് തൊട്ടുപിന്നാലെയാണ് പവാറിന്റെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയുമായും നിതീഷ് കുമാര്‍ കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിതീഷ് കുമാര്‍ മടങ്ങിയത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!