മകന്റെ വാഹനമിടിച്ച് മരണം; യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി

ഇടുക്കി: മകന്റെ വാഹനമിടിച്ച് മരിച്ച യുവാക്കളുടെ വീട്ടിലെത്തി കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി. മകന്‍ കെ.എം മാണി (19) ഓടിച്ച ഇന്നോവയുമായി സ്‌കൂട്ടര്‍ കൂട്ടിയിടിച്ച് മരിച്ച കരിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍ (35), സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവരുടെ വീട്ടില്‍ വൈകീട്ട് ആറു മണിയോടെ അദ്ദേഹം എത്തിയത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എല്ലാ സഹായങ്ങളും നല്‍കുമെന്നും ജോസ് കെ മാണി പറഞ്ഞു. കേസില്‍ ഏപ്രില്‍ പത്തിന് കെ.എം മാണി അറസ്റ്റിലായിരുന്നു. എട്ടാം തിയ്യതി വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. ജോസ് കെ. മാണിയുടെ സഹോദരീഭര്‍ത്താവാണ് വാഹനത്തിന്റെ ഉടമസ്ഥനെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് 47 വയസുള്ള ഒരാളാണ് എന്നായിരുന്നു എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വാഹനമോടിച്ചത് ജോസ് കെ. മാണിയുടെ മകനാണെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുമാണ് കെ.എം മാണിക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടതായി കോട്ടയം എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു.

