പെരുന്നാൾ സന്ദർശനത്തിൽനിന്ന് ബി.ജെ.പി. പിന്നോട്ട്; വീടുകയറൽ വ്യാപകമാക്കില്ല

തിരുവനന്തപുരം: പെരുന്നാളിന് മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ വീടുകളിലേക്ക് ബി.ജെ.പി. നേതാക്കളുടെയും പ്രവർത്തകരുടെയും വ്യാപക സന്ദർശനമുണ്ടാകില്ല. പകരം മുസ്ലിം സമുദായത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെയും ദുർബലരെയും ചേർത്തുപിടിക്കാനും മോദി സർക്കാരിന്റെ ക്ഷേമപദ്ധതികൾ അവരിൽ എത്തിക്കാനും ശ്രമംതുടരുമെന്ന് നേതാക്കൾ പറയുന്നു. ഈസ്റ്ററിന് ക്രിസ്ത്യൻ വീടുകളിലും പള്ളികളിലും നടത്തിയ സന്ദർശനത്തിലൂടെ ആ സമുദായത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞെന്നാണ് ബി.ജെ.പി.യുടെ വിശ്വാസം. അതുപോലൊരു മുന്നേറ്റം പെരുന്നാൾ സന്ദർശനത്തിലൂടെ കഴിയുമെന്നു കരുതുന്നില്ല. ചാനൽ ചർച്ചകളിൽ പെരുന്നാൾ സന്ദർശനത്തിന് വലിയ പ്രചാരണം വേണ്ടെന്നും നിർദേശം നൽകിയതായാണ് വിവരം. ഹൈദരാബാദിൽനടന്ന ദേശീയനിർവാഹക സമിതിയോഗത്തിലാണ് മതന്യൂനപക്ഷങ്ങളെ ഒപ്പംനിർത്തണമെന്ന ആവശ്യം ശക്തമായത്. തുടർന്നാണ് ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും വീടുകളിലെത്താൻ തീരുമാനിച്ചത്. ബന്ധം ഉറപ്പിക്കാനുള്ള ശ്രമമെന്നനിലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മുസ്ലിം വീടുകളിൽ പ്രവർത്തകരോ നേതാക്കളോ എത്തിയേക്കാം. എന്നാൽ, പാർട്ടിയുടെ പേരിലുള്ള സന്ദർശനത്തിന് വലിയ പ്രാമുഖ്യം നൽകേണ്ടെന്നാണ് ഇപ്പോഴത്തെ ധാരണ. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം വനിതകളിൽ വലിയ സ്വാധീനം ഉണ്ടാക്കാനായെന്നും വ്യാപാരിസമൂഹവും അവരുടെ അനുഭാവനിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും ബി.ജെ.പി. അവകാശപ്പെടുന്നു. മുസ്ലിങ്ങളുമായി ബന്ധം ശക്തമാക്കും മുസ്ലിം സമുദായത്തിലെ സംഘടനകളുമായി പലതലത്തിൽ ചർച്ചനടന്നിട്ടുണ്ട്. മോദിയെ അനുകൂലിക്കുന്ന വലിയൊരു സമൂഹം കേരളത്തിലെ മുസ്ലിം സമുദായത്തിലും ഉണ്ട്. അവരുമായുള്ള ബന്ധം ശക്തമാക്കാനും പാർശ്വവത്കരിക്കപ്പെട്ടവരെ കൂടെനിർത്താനുമാണ് ശ്രമിക്കുന്നത്. എന്നാൽ, ക്രൈസ്തവരുടെ വീടുകളിലേക്ക് നടത്തിയതുപോലെ വ്യാപകമായി ഭവനസന്ദർശനം ഉണ്ടാകില്ല. -കെ. സുരേന്ദ്രൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്

