വഴിയരികിൽ കൊന്നപ്പൂവ് വിൽക്കവെ ലോറിയിൽ നിന്നു തടികൾ വീണു; കുട്ടിക്ക് ഗുരുതര പരുക്ക്

വടകര: വഴിയരികിൽ കൊന്നപ്പൂവ് വിൽക്കവെ പാഞ്ഞെത്തിയ മിനിലോറിയിൽ നിന്നു തടികൾ തെറിച്ചുവീണു കുട്ടിക്കു ഗുരുതര പരുക്ക്. കൊന്നപ്പൂവു വാങ്ങാൻ നിന്ന സ്കൂട്ടർ യാത്രക്കാരായ ദമ്പതികളെയും ലോറി ഇടിച്ചു തെറിപ്പിച്ചു. കൊറ്റമ്പള്ളി തഴക്കുഴി ക്ഷേത്രത്തിനുസമീപം വാടകയ്ക്കു താമസിക്കുന്ന വിജിതയുടെ മകൻ മഹേഷ് (13) ആണു പരുക്കേറ്റു കൊല്ലം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ പന്മന സ്വദേശി ശിവപ്രസാദ് (55), ഭാര്യ അനിജ (45) എന്നിവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ 5ന് ദേശീയപാതയിൽ വലിയകുളങ്ങര ദേവി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. ഇന്നു വീട്ടുവാടക കൊടുക്കേണ്ട ദിവസമായിരുന്നു. അതിനുള്ള തുക തികയ്ക്കാനാണു മഹേഷും കൂട്ടുകാരനും ചേർന്നു കൊന്നപ്പൂവുകൾ ശേഖരിച്ചതും വിൽപനയ്ക്കായി റോഡരികിലെത്തിയതും. ഗുരുതരമായി പരുക്കേറ്റ മകന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടി കഴിയുകയാണ് വിജിത. വീട്ടുജോലിയും മറ്റും ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്.

