KSDLIVENEWS

Real news for everyone

ഹോട്ടല്‍ ശൃംഖലകളുടെ ബുക്കിങ് ലിങ്കുകളില്‍ കടന്നുകയറി തട്ടിപ്പ്; പിന്നിൽ ഉത്തരേന്ത്യന്‍ സൈബര്‍ മാഫിയ

SHARE THIS ON

കോട്ടയം ∙ സംസ്ഥാനത്തെ ഹോട്ടല്‍ ശൃംഖലകളുടെ പേരില്‍ ഉത്തരേന്ത്യന്‍ സൈബര്‍ മാഫിയ സംഘങ്ങളുടെ വ്യാപക തട്ടിപ്പ്. ഹോട്ടലുകളുടെ വെബ്സൈറ്റിലേക്കും ഗൂഗിള്‍ ബിസിനസ് അക്കൗണ്ടുകളിലേക്കും നുഴഞ്ഞുകയറി വിവരങ്ങളില്‍ കൃത്രിമം കാട്ടി സഞ്ചാരികളില്‍നിന്ന് തട്ടിയത് ലക്ഷങ്ങള്‍. കെടിഡിസിയുടേത് ഉള്‍പ്പെടെയുള്ള ഹോട്ടലുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കിയിട്ടും തടയാൻ നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. വിഷു അവധി കുമരകത്ത് ആഘോഷിക്കാനെന്ന പേരിൽ നടത്തിയ തിരച്ചിലിൽ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തായി. റിസോര്‍ട്ടുകള്‍ക്കായി നടത്തിയ തിരച്ചില്‍ എത്തിയത് കെടിഡിസി വാട്ടര്‍സ്കേപ്സിൽ. ഗൂഗിളില്‍ പരതിയപ്പോള്‍ ഹോട്ടലിന്‍റെ വിവരങ്ങള്‍ക്കൊപ്പം ബുക്കിങ്ങിനായി 8866520074 എന്ന നമ്പറും. ഈ നമ്പറിലെ വാട്സാപ് പ്രൊഫൈൽ പിക്ചർ പ്രശസ്ത വെബ് സീരീസായ മണിഹീസ്റ്റിലെ പ്രഫസറിന്‍റേത്. കൂടെ റിസോര്‍ട്ടിന്‍റെ പേരും ചിത്രവും. ആദ്യ മെസേജ് അയച്ചതിനു പിന്നാലെ റിസോര്‍ട്ടിലെ മൂന്നുതരം കോട്ടേജുകളുടെ പേരും നിരക്കും ചിത്രങ്ങളും മേല്‍വിലാസവും സൗകര്യങ്ങളുടെ നീണ്ട പട്ടികയും അയച്ചു തന്നു. ഒപ്പം ഹോട്ടലിന്‍റെ ഗൂഗിളിലെ ലിങ്കും. ചാറ്റ് ചെയ്യുന്നയാള്‍ ജനറല്‍ മാനേജര്‍ ദീപക് എന്ന് പരിചയപ്പെടുത്തി. പ്രതിദിനം 7500 രൂപ നിരക്കുള്ള മുറിയാണ് വേണ്ടതെന്ന് അറിയിച്ചതോടെ ബുക്കിങിനായി പകുതി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിന്നാലെയെത്തി. പങ്കുവച്ചത് ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള യെസ് ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട വിവരങ്ങള്‍. സംശയം ഉന്നയിച്ചപ്പോള്‍ യുപിഐ വിവരങ്ങള്‍ പിന്നാലെ. നിരക്കിലെ ഇളവ് ഓണ്‍ലൈന്‍ ബുക്കിങിന് മാത്രമെന്നും ഓര്‍മപ്പെടുത്തല്‍. തട്ടിപ്പ് വീരന്റെ ഇതേ നമ്പർ ഹോട്ടൽ അധികൃതർ കഴിഞ്ഞ ദിവസം കോട്ടയം സൈബർ പൊലീസിനു കൈമാറിയിരുന്നു. അന്വേഷണം ഊർജിതമാണെന്ന് അവകാശപ്പെടുമ്പോഴാണ് ഇതേ നമ്പർ ഉപയോഗിച്ച് തട്ടിപ്പ് സംഘങ്ങൾ കൂടുതൽ ഇരകളെ വലവീശി പിടിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!