KSDLIVENEWS

Real news for everyone

അതീഖിനെ വെടിവെക്കാന്‍ ഉപയോഗിച്ചത് തുര്‍ക്കി നിര്‍മിത നിരോധിത പിസ്റ്റളുകള്‍; കിട്ടിയത് എങ്ങനെ?

SHARE THIS ON

ലഖ്നൗ: യു.പിയില്‍ മുന്‍ സമാജ്‌വാദി പാര്‍ട്ടി എം.പിയും ഗുണ്ടാത്തലവനുമായ അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയത് തുര്‍ക്കി നിര്‍മിത തോക്കുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തി.

ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ഇവ തുര്‍ക്കിയില്‍ നിന്ന് കടത്തിയതോ അനധികൃതമായി വാങ്ങിയതോ ആകാമെന്നാണ് സംശയിക്കുന്നത്.

ആറ് മുതല്‍ ഏഴ് ലക്ഷം രൂപ വരെ വില വരുന്നവയാണ് ഈ പിസ്റ്റളുകള്‍. തുര്‍ക്കിഷ് തോക്ക് നിര്‍മാണ കമ്ബനിയായ ടിസാസ് നിര്‍മിച്ച സെമി ഓട്ടോമാറ്റിക് പിസ്റ്റളാണിത്. 2001ലാണ് പിസ്റ്റളിന്റെ ശ്രേണി ആദ്യമായി നിര്‍മിച്ചത്.

ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും യു.എസ് കോസ്റ്റ് ഗാര്‍ഡുകളും മലേഷ്യന്‍ ആര്‍മിയും ഫിലിപ്പൈന്‍ പൊലീസ് സേനകളും ഉപയോഗിക്കുന്നു. കൂടാതെ, പാകിസ്താന്റെ കരിഞ്ചന്തയിലും ഈ പിസ്റ്റളുകള്‍ വില്‍ക്കുന്നുണ്ട്.

40 സെക്കന്‍ഡിനുള്ളില്‍ 20 റൗണ്ട് വെടിയുതിര്‍ത്താണ് പ്രതികള്‍ ആതിഖിനെയും അഷ്‌റഫിനെയും വെടിവച്ചുകൊന്നത്. ലൗലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരാണ് എന്നിവരാണ് ഇരുവരേയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് പിടികൂടിയിരുന്നു.

വന്‍ ആസൂത്രമാണ് കൊലയ്ക്കായി ഇവര്‍ നടത്തിയത്. വ്യാഴാഴ്ച പ്രയാഗ്‌രാജിലെത്തിയ ഇവര്‍ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഈ ലോഡ്ജ് മാനേജറെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ മൈക്കും വ്യാജ ഐ.ഡി കാര്‍ഡുകളും കാമറയുമായാണ് കൊലയാളികള്‍ എത്തിയത്. ഇന്നലെ മുഴുവന്‍ കൊലയാളികള്‍ ഇവരെ പിന്തുടര്‍ന്നിരുന്നുവെന്നും പൊലീസ് പറയുന്നു.

അതീഖിനെയും സഹോദരനെയും മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിക്കുന്ന വിവരമറിഞ്ഞാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. അതീഖിന്റെ തൊട്ടടുത്ത് എത്താന്‍ വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകരായി വേഷം മാറിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ശനിയാഴ്ച മുഴുവന്‍ അതീഖിനെ പിന്തുടര്‍ന്നിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

ഇന്നലെ രാത്രി 10.30യോടെ പ്രയാഗ് രാജിലെ മോത്തിലാല്‍ നെഹ്‌റു ഡിവിഷണല്‍ ആശുപത്രിക്ക് പുറത്തുവച്ചാണ് അതീഖിനും സഹോദരനും വെടിയേറ്റത്. അരുണ്‍ മൗര്യയാണ് പോയിന്റ് ബ്ലാങ്കില്‍ ആദ്യം അതീഖിന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തത്. താഴെ വീണ ഇരുവരേയും തുടര്‍ച്ചയായി അക്രമികള്‍ വെടിയുതിര്‍ത്തു. അതീഖും സഹോദരന്‍ അഷ്‌റഫും സംഭവസ്ഥത്തു തന്നെ മരിച്ചു.

കൊലയാളികളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരുടെ വ്യാജ ഐ.ഡി കാര്‍ഡും മൈക്കും കാമറയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വെടിവെപ്പിനിടെ ഒരു ബുള്ളറ്റ് കാലില്‍ തറച്ച കൊലയാളി സംഘത്തില്‍പ്പെട്ട ലൗലേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫുല്‍പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നുള്ള മുന്‍ എം.പിയായ അതീഖ് അഹമ്മദ് ഉമേഷ് പാല്‍ കൊലക്കേസ് അടക്കം നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2019ല്‍ നാഷണല്‍ സെക്യൂരിറ്റി ആക്‌ട് പ്രകാരമാണ് അതീഖിനെ ജയിലിലടച്ചത്. അതീഖിന്റെ സഹോദരനായ അഷ്‌റഫും നിരവധി കേസുകളില്‍ പ്രതിയാണ്.

ഉമേഷ് പാല്‍ കൊലക്കേസില്‍ വെള്ളിയാഴ്ചയാണ് അതീഖിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അതീഖിന്റെ മകന്‍ അസദ് അഹമ്മദിനെ ബുധനാഴ്ച പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധവും വിമര്‍ശനവും ശക്തമായിരിക്കെയാണ് പൊലീസ് സാന്നിധ്യത്തില്‍ അതീഖിന്റേയും അഷ്റഫിന്റേയും കൊലപാതകം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!