ഞങ്ങള്‍ക്ക് പ്രശസ്തരാവേണ്ടിയിരുന്നു; അതിനാണ് അവരെ കൊന്നത്’ -ആതിഖ് അഹ്മദിന്റെ കൊലപാതകികള്‍ പൊലീസിനോട്

പ്രയാഗ് രാജ് / ലക്നൗ: പ്രശസ്തരാവാന്‍ വേണ്ടിയാണ് ഉമേഷ് പാല്‍ വധക്കേസ് പ്രതിയും സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയുമായ ആതിഖ് അഹ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയതെന്ന് പ്രതികള്‍.
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനിടെയാണ് പ്രതികള്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.
ലവ്ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ചെറിയ കേസുകള്‍ നിലവിലുണ്ട്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.
കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയും ശക്തമാക്കി. അയോധ്യ, മാവു, മധുര തുടങ്ങിയ ജില്ലകളിലും പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. തത്സമയ കാമറകള്‍ക്ക് മുന്നില്‍, കനത്ത പൊലീസ് വലയത്തിലായിരുന്നു ഉമേഷ് പാല്‍ വധക്കേസ് പ്രതിയും സമാജ്‍വാദി പാര്‍ട്ടി മുന്‍ എം.പിയുമായ ആതിഖ് അഹ്മദും സഹോദരന്‍ അഷ്റഫ് അഹ്മദും വെടിയേറ്റ് കൊല്ലപ്പെടുന്നത്.
പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളജിലേക്ക് വൈദ്യ പരിശോധനക്ക് എത്തിയ ആതിഖും സഹോദരനും, ജീപ്പില്‍നിന്നിറങ്ങി നടന്നുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേര്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തത്. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍ ആതിഖിന്‍റെ തലക്ക് തോക്കു ചേര്‍ത്ത് പിടിച്ച് വെടിവെക്കുന്നത് കാമറ ദൃശ്യങ്ങളില്‍ കാണാം. ആതിഖ് വെടിയേറ്റു വീണതിനു പിന്നാലെ സഹോദരന്‍ അഷ്റഫിനു നേരെയും അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ത്തു.
ഉത്തര്‍പ്രദേശ് പൊലീസിന്റെ സുരക്ഷാ സന്നാഹങ്ങളെ ചോദ്യം ചെയ്യുന്നതാണ് കൊലപാതകം. മകന്റെ അന്ത്യകര്‍മങ്ങളില്‍ ആതിഖ് അഹ്മദിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയാണ് കൊലപാതകം. ‘അവര്‍ കൊണ്ടുപോയില്ല, അതിനാല്‍ പോയില്ല’ -എന്നായിരുന്നു മാധ്യമങ്ങളോട് ആതിഖ് പറഞ്ഞത്. ചോദ്യങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്ക് നടന്നുകൊണ്ട് മറുപടി നല്‍കുന്നതിനിടെയാണ് പോയിന്‍റ് ബ്ലാങ്കില്‍ അക്രമികള്‍ ആതിഖിനു നേരെ വെടിവെച്ചത്. തൊട്ടടുത്ത നിമിഷം തന്നെ സഹോദരന് നേരെയും വെടിവെപ്പുണ്ടായി.
14 റൗണ്ടോളം അക്രമികള്‍ വെടിയുതിര്‍ത്തു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് അക്രമികള്‍ എത്തിയതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ അക്രമികളെ പോലീസ് കീഴടക്കി. ആതിഖിന്റെ മകന്‍ ആസാദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.

